സമരം അവസാനിപ്പിക്കുന്നു, ഇനി നിയമപോരാട്ടം: പ്രമോദ് കോട്ടൂളി
|തനിക്ക് വീഴ്ചപ്പറിയിട്ടുണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യം
കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ സി.പി.എം പുറത്താക്കിയ പ്രമോദ് കോട്ടൂളി കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് പ്രമോദ് പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ച ശ്രീജിത്തിന്റെ വീട്ടിന്റെ മുമ്പിലായിരുന്നു ഇദ്ദേഹത്തിന്റെ സമരം. ശ്രീജിത്തിന്റെ ഭാര്യക്ക് നിയമനം നൽകാനാണ് പ്രമോദ് കോട്ടൂളി പണം കൈപ്പറ്റിയെന്നാണ് ആരോപണം.
താൻ നടത്തുന്നത് പ്രതിഷേധമല്ലെന്നും അമ്മയെ സത്യം ബോധ്യപ്പെടുത്താനുള്ള ഒരു മകന്റെ കടമയാണെന്നും പ്രമോദ് പറഞ്ഞു. താൻ ചെയ്ത പൊതുപ്രവർത്തനത്തിന് ഇങ്ങനെ അനുഭവിക്കേണ്ടതുണ്ടോയെന്ന് ചോദിച്ച പ്രമോദ് തനിക്ക് വീഴ്ചപ്പറിയിട്ടുണണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സാധാരണക്കാരെ സഹായിക്കൽ മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും അമ്മയുടെയും മകൻ്റെയും ശാരീരിക പ്രശ്നങ്ങൾ കാരണമാണ് വീട്ടിലേക്ക് മടങ്ങുന്നുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രമോദ് കോട്ടൂളിയെ പുറത്താക്കാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രമോദിൻ്റെ ഭാഗത്ത് നിന്നുണ്ടായെന്നും പ്രമോദ് പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നും മോഹനൻ പറഞ്ഞു. അതാണ് പരിശോധിച്ചതെന്നും എല്ലാ കാര്യങ്ങളും ഏകമനസ്സോടെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പി.എസ്.സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും വന്നിട്ടില്ലെന്നും ബാക്കിയെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലങ്ങളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിച്ചു. പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയായിരുന്നു നേതൃത്വത്തിന്റെ നടപടി. റിയൽ എസ്റ്റേറ്റ് ബന്ധം ചൂണ്ടികാട്ടിയാണ് നടപടി.
ഇദ്ദേഹത്തിനെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന തരത്തിൽ നടപടി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു.