ചീരാലിൽ അവസാനമില്ലാതെ കടുവാ പേടി; പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാർ
|ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒരു മാസമായിട്ടും പിടികൂടാനായിട്ടില്ല
വയനാട്: വനംവകുപ്പ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെ വയനാട് ചീരാലിൽ ഇന്നലെ രാത്രിയും കടുവയെ കണ്ടെന്ന് നാട്ടുകാർ. വൈകിട്ട് ഏഴ് മണിയോടെ പഴുർ ജംഗ്ഷന് സമീപത്താണ് കടുവയെ കണ്ടത്. ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒരു മാസമായിട്ടും പിടികൂടാനായിട്ടില്ല.
പഴുർ ജംഗ്ഷന് സമീപത്തായി പാട്ടവയൽ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ കടുവയെ കണ്ടത്. ഇതോടെ പ്രദേശത്ത് വീണ്ടും കടുവാ ഭീതിയേറി. ഒരു മാസത്തിനിടെ ചീരാലിൽ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊല്ലുകയും ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് രാപ്പകൽ സമരം പ്രഖ്യാപിച്ച ജനങ്ങൾ, മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇന്നലെ അത് അവസാനിപ്പിച്ചു.
ലൈവ് ക്യാമറകൾ അടക്കം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മുത്തങ്ങയിൽ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ഇന്നലെ പ്രദേശത്ത് വീണ്ടും കടുവയിറങ്ങിയത്. അതിനിടെ വയനാട്ടിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ വനം വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൻ നോഡൽ ഓഫീസറായി നിയമിക്കപ്പെട്ട ഉത്തരമേഖല സി സി എഫ് കെ എസ് ദീപ ചീരാലിലെത്തി കാര്യങ്ങൾ വിലയിരുത്തി. രാപ്പകൽസമരം മാത്രമാണ് അവസാനിപ്പിച്ചതെന്നും കടുവയെ പിടികൂടുംവരെ പ്രതിഷേധം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.