എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനം; സെലക്ഷൻ കമ്മിറ്റിക്ക് സ്റ്റേ
|കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കാട്ടി നൽകിയ പരാതിയിലാണ് ഇടപെടൽ
തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനായി സർക്കാർ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ടാഴ്ചത്തേക്കാണ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കാട്ടി നൽകിയ പരാതിയിലാണ് ഇടപെടൽ.
2022 ഒക്ടോബർ 19നാണ് സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിലേക്ക് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി എഐസിടിയുടെ 2019ലെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് രൂപീകരിച്ചത് എന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ബാർട്ടൻ ഹിൽ എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ബിന്ദുകുമാർ കോടതിയെ സമീപിച്ചിരുന്നു.
ഇതോടെയാണ് കമ്മിറ്റി സ്റ്റേ ചെയ്‌തത്. ഇതുപ്രകാരം കോടതി രണ്ടാഴ്‌ചത്തേക്കാണ് സെലക്ഷൻ കമ്മിറ്റിയുടെ തുടർനടപടികൾ സ്റ്റേ ചെയ്‌തിരിക്കുന്നത്. ഈ രണ്ടാഴ്‌ചക്കകം തന്നെ സർക്കാർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.