ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് വര്‍ധിപ്പിച്ചു
|കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെയാണ് വർധന
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ഡിടിപിസി വർധിപ്പിച്ചു. കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെയാണ് വർധന. ജിഎസ് ടി കൂടി ഉൾപ്പെടുത്തിയതാണ് വർദ്ധനയ്ക്ക് കാരണമായി ഡിടിപിസി പറയുന്നത്.
ഡിടിപിസിയുടെ നിയന്ത്രണത്തിൽ ഇടുക്കിയിൽ പ്രവർത്തിയ്ക്കുന്ന വാഗമൺ, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും, പ്രവേശന നിരക്ക് വർധിപ്പിച്ചു. രാമക്കല്‍മേട്ടില്‍, മുതിർന്നവർക്ക് 25, കുട്ടികൾക്കും സീനിയർ സിറ്റിസണ്‍സിനും 15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഓരോ ടിക്കറ്റിലും അഞ്ച് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ നിരക്ക് പുതുക്കിയിട്ടുണ്ട്.
നിരക്ക് വർധന വിനോദ സഞ്ചാര മേഖയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിൽ ആണ് ടൂറിസം സംരംഭകര്‍. ഓരോ ടിക്കറ്റിലും ജിഎസ് ടി ഉള്‍പ്പെടുത്തിയതോടെയാണ് നിരക്ക് വർധിച്ചത്. മുൻപ്, സഞ്ചാരികളിൽ നിന്നും പ്രത്യേകം നികുതി ഈടാക്കാതെ, ആകെ വരുമാനത്തിൽ നിന്നുമായിരുന്നു, ജിഎസ് ടി നൽകിയിരുന്നത്.