മഹാത്മാ ഗാന്ധി പാലത്തിൽനിന്ന് വീണ് മരിച്ചതാണോ?; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ ഇ.പി ജയരാജൻ
|കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ എന്നായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന.
കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പരിഹസിച്ച തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഉന്നത സ്ഥാനത്തിരിക്കുന്ന മഹദ് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെയൊരാളിൽനിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിക്കാനാവാത്തതാണ്. ഗാന്ധിജി രക്തസാക്ഷിയാണ്. അദ്ദേഹം ഏതെങ്കിലും സമരത്തിനിടെ പാലത്തിൽനിന്ന് വീണതാണോയെന്ന് ജയരാജൻ ചോദിച്ചു.
രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് സമൂഹത്തിന്റെ സംസ്കാരം. സുഡാനിൽ വെടിയേറ്റു മരിച്ച ആൽബർട്ടിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്കരിച്ചത്. മണിപ്പൂരിലെ കലാപത്തിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. മൊയ്യാരത്ത് ശങ്കരനും അഴീക്കോട് രാഘവനും അടക്കം നിരവധിപേരാണ് കേരളത്തിൽ രക്തസാക്ഷികളായത്. ഗാന്ധിജി അടക്കം ഇവരൊന്നും മറ്റൊരാളെ ആക്രമിക്കാൻ പോയിട്ട് കൊല്ലപ്പെട്ടവരല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ എന്നായിരുന്നു പാംപ്ലാനിയുടെ പ്രസ്താവന. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞിരുന്നു. കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയിലായിരുന്നു പാംപ്ലാനിയുടെ പരാമർശം.