Kerala
ep jayarajan

ഇ.പി ജയരാജന്‍

Kerala

വന്ദേഭാരത് നഷ്ടക്കച്ചവടം; വിഡ്ഢിത്തമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്: ഇ.പി ജയരാജന്‍

Web Desk
|
19 April 2023 4:34 AM GMT

1500 മുതൽ 3000 രൂപവരെ ചാർജ്ജ് കൊടുത്ത് വന്ദേഭാരതിൽ മറ്റു ട്രെയിനുകളെ പോലെ പോകുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല

വന്ദേഭാരത് ട്രയിന്‍ വിഡ്ഢിത്തമാണെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പടക്കം പൊട്ടിച്ച് ആഘോഷമാക്കാനോ പൂമാല ചാർത്താനോ ഉള്ള അത്ര വലിയ സംഭവബഹുലമായ ഒന്നല്ല ഇപ്പോഴത്തെ വന്ദേ ഭാരതെന്നും ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇ.പി ജയരാജന്‍റെ കുറിപ്പ്

വന്ദേ ഭാരത് ട്രെയിനിന് യഥാർത്ഥത്തിൽ പുതുമയൊന്നുമില്ല. ഇന്ന് കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്ക് ഒരു ട്രെയിൻ എന്ന് മാത്രമേയുള്ളൂ അത്. സാധാരണ കേരളത്തിലേക്ക് പുതുതായി വന്നിരുന്ന എല്ലാ ട്രെയിനുകളും ഓടിത്തഴഞ്ഞ് പഴക്കം ചെയ്ത കമ്പാർട്ടുമെന്റുകൾ ഉള്ളവയായിരുന്നു. എന്നാൽ ഇന്ന് അതിന് പകരം പുതിയ കംപാർട്ടുമെന്റുകളുള്ള ഒരു ട്രെയിൻ വന്നിരിക്കുന്നു. ഇപ്പോൾ വന്ന വന്ദേഭാരത് ട്രെയിൻ കൊണ്ട് എന്തെങ്കിലും തരത്തിൽ സമയ ലാഭം ഉണ്ടാക്കാൻ കഴിയും എന്ന് കരുതാൻ നിർവാഹമില്ല. നിലവിൽ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ അതേ സമയദൈർഘ്യത്തിൽ തന്നെയാണ് വന്ദേഭാരതും ഓടുന്നതെങ്കിൽ അത് സമയ ലാഭമുണ്ടാക്കുന്ന ഒന്നാകില്ല. മറിച്ച് ഒരു പുതിയ ട്രെയിൻ കൂടെ കേരളത്തിൽ ഓടട്ടെ എന്ന് മാത്രമേയുള്ളു. ഇതിനെ ഇത്ര വലിയ ആഘോഷമാക്കാനുള്ളതൊന്നുമില്ല. നിലവിലെ കേരളത്തിലെ ട്രാക്കിൽ ഇതിൽ കൂടുതൽ വേഗതയിൽ ഓടിച്ചാൽ വന്ദേഭാരത് വലിയ അപകടത്തിലേക്ക് പോകും എന്ന് എല്ലാവർക്കും അറിയാം.


കെ-റെയിലിന് ബദലായി സിൽവർ ലൈൻ സംവിധാനത്തിന്‍റെ ദൗത്യമൊന്നും നിർവഹിക്കാൻ വന്ദേഭാരതിന് കഴിയില്ല. ട്രയൽ റണ്ണിന്റെ അടിസ്ഥാനത്തിലുള്ള അനുഭവം തന്നെ ആ കാര്യം വ്യക്തമാക്കി കഴിഞ്ഞു. ബി.ജെ.പിയുടെ സഹയാത്രികനായ മെട്രോമാൻ എന്ന് അറിയപ്പെടുന്ന ശ്രീധരൻ തന്നെ ഇത് വിഡ്ഢിത്തമാണെന്ന് തുറന്ന് പറഞ്ഞു. ട്രയൽ റണ്ണിന്റെ ഭാഗമായി മറ്റെല്ലാ ട്രെയിനുകളും ട്രാക്കിൽ നിന്നും മാറ്റി തടസ്സമില്ലാത്ത ഗതാഗതം ഒരുക്കിയിട്ടും വന്ദേഭാരത് കണ്ണൂരിൽ എത്താൻ ഏഴേകാൽ മണിക്കൂർ എടുത്തു. ഇതെല്ലാം പരിശോധിച്ച് നോക്കുകകയാണെങ്കിൽ വന്ദേഭാരത് ഒരു വലിയ നഷ്ടക്കച്ചവടമാണ്. എല്ലാ ട്രെയിനുകളെയും മാറ്റി ട്രാക്ക് ഫ്രീ ആയി കൊടുത്ത് വലിയ സജ്ജീകരണങ്ങൾ ഒരുക്കി അതിലൂടെ ഓടുക എന്നാൽ സാധാരണ യാത്രക്കാരുടെ ഇപ്പോഴത്തെ യാത്രക്ക് വലിയ തടസ്സമായിത്തീരും.



ട്രെയിൻ അതിവേഗത്തിൽ ഓടിക്കുന്നതിന് ശരിയായ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച വിദഗ്ധ പഠനം നടത്താതെ ഇപ്പോൾ കാണിക്കുന്ന പ്രഹസനം ഒരു പ്രചരണ തന്ത്രം മാത്രമാണ്. കേരളത്തിന് ഒരു ട്രെയിൻ കൂടെ ഉണ്ടാകുന്നത് നല്ലത് തന്നെയാണ്‌ എന്നാൽ അത് കെറെയിലിന് ബദലാകുമെന്നും സമയലാഭമുണ്ടാക്കുമെന്നും എല്ലാം തന്നെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. പ്രത്യേക സജ്ജീകരണങ്ങളോടെ ഓടിയ വന്ദേഭാരത് എത്താൻ എടുത്ത സമയം കേരളത്തിൽ ഇന്ന് ഓടുന്ന ട്രെയിനുകളിലേതിന് അടുത്താണ്. ഈ സജ്ജീകരണങ്ങൾ ഇല്ലാതെ വന്ദേഭാരത് ഓടുമ്പോൾ ഇന്ന് കേരളത്തിൽ ഓടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് പോലെയോ, മറ്റു സൂപ്പർ ഫാസ്റ്റുകളെപോലെയോ ഉളള ഒരു സാധാരണ ട്രെയിൻ മാത്രമായിരിക്കും. അതുകൊണ്ട് പടക്കം പൊട്ടിച്ച് ആഘോഷമാക്കാനോ പൂമാല ചാർത്താനോ ഉള്ള അത്ര വലിയ സംഭവബഹുലമായ ഒന്നല്ല ഇപ്പോഴത്തെ വന്ദേ ഭാരത്. പുതിയ ഒരു ട്രെയിൻ എന്നതിൽ സന്തോഷിക്കാം എന്നതിനപ്പുറം മറ്റൊന്നും വന്ദേഭാരതിൽ നിന്നും ലഭിക്കുമെന്നും കരുതാനാകില്ല.

കൂടാതെ 1500 മുതൽ 3000 രൂപവരെ ചാർജ്ജ് കൊടുത്ത് വന്ദേഭാരതിൽ മറ്റു ട്രെയിനുകളെ പോലെ പോകുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഇന്നത്തേത് പോലെ മറ്റു ട്രെയിനുകളെല്ലാം പിടിച്ചിട്ട് ട്രാക്ക് ക്ലിയർ ചെയ്ത് ഓടിക്കാനാണെങ്കിൽ സാധാരണ ടിക്കറ്റെടുത്ത് മറ്റു ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരെ അങ്ങിങ്ങായി പിടിച്ചിട്ട് വലിയ കാശ് കൊടുത്ത് പോകുന്നവന് വേഗത്തിൽ എത്താൻ വഴി മാറികൊടുക്കുന്ന രീതിയായി ഇത് മാറും. എന്നാൽ കേരളം ലക്ഷ്യമിട്ട കെ-റെയിൽ എന്നത് പ്രത്യേകം ട്രാക്ക് സംവിധാനം ഒരുക്കി വളരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സമയ ലാഭമുണ്ടാക്കുന്ന പദ്ധതിയാണ്. അത് പുതിയ സാധ്യതകളെ വിപുലപ്പെടുത്തി നാടിന്റെ നല്ല മുന്നോട്ടുപോക്കിനെ ത്വരിതപ്പെടുത്തുന്ന പദ്ധതിയാണ്. ഇപ്പോഴത്തെ വന്ദേഭാരത്തിന് ഇത്തരത്തിലൊന്നും സംഭാവന ചെയ്യാൻ കഴിയില്ല..

രാജ്യത്തെ ജനങ്ങൾക്ക് ഗുണപരമായി ഭവിക്കുന്ന ഒന്നും ചെയ്യാൻ കഴിയാത്ത ഗവണ്മെന്റ് അവസരവാദപരമായി ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ആ പുതിയ വേഷമണിയൽ കൊണ്ടൊന്നും ഈ നാട്ടിലെ ജനകീയ പ്രഷ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയില്ല.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന് പ്രഖ്യാപിച്ച് ആ ലക്ഷ്യത്തിനായി വർഗീയ ഭിന്നിപ്പുകൾ ഉണ്ടാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്‌.എസ്‌. അതിനായി ഒരു പാരാമിലിറ്ററി സംവിധാനം തന്നെ ഒരുക്കി പ്രവർത്തിക്കുന്ന ആർ.എസ്‌.എസ്‌ നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് നമ്മൾ കാണുകയാണല്ലോ. മതേതരമാണോ അത്. ഏഴു രാത്രികൾ എന്ന പഴയ നാടകത്തിലെ പാഷാണം വർക്കിയെയാണ് ബിജെപി നേതാക്കളുടെ ഗൃഹ സന്ദർശനം കാണുമ്പോൾ ഓർമ്മ വരുന്നത്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് കൂടുതൽ ബിജെപിയെ പരിഹാസ്യരാക്കുകയേ ചെയ്യൂ.



Similar Posts