വിവാദങ്ങളുടെ ഇ.പിയും തിരുത്തി മടുത്ത് പാർട്ടിയും
|പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ നേതാവ്
തിരുവനന്തപുരം: ജനകീയ നേതാവായി തുടരുമ്പോഴും പാർട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഇ.പി ജയരാജൻ. ഇന്ന് എൽഡിഎഫ് കണ്വീനര് സ്ഥാനത്തുനിന്ന് നീക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നതും നിരന്തരമായ അദ്ദേഹത്തിന്റെ ജാഗ്രതക്കുറവ് മുൻനിർത്തിയാണ്. പാർട്ടിയെ വെട്ടിലാക്കിയ ഇ. പി യുടെ വിവാദങ്ങൾ നിരവധിയാണ്.
ചെങ്കൽ മേഖലയിലെ യന്ത്രവൽക്കരണത്തിനെതിരെ തൊഴിലാളികൾ കക്ഷി വ്യത്യാസം ഇല്ലാതെ സമരം ചെയ്ത 1990 കളുടെ തുടക്കത്തിലാണ് ഇ.പി ജയരാജന്റെ വീട് നിർമ്മിച്ചത് യന്ത്രക്കല്ല് ഉപയോഗിച്ച് ആയിരുന്നു എന്ന ആരോപണം ഉയർന്നത്. പിന്നാലെ ഇ.പിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് പാർട്ടി പറഞ്ഞു.
ദേശാഭിമാനിയുടെ ജനറൽ മാനേജർ ആയിരിക്കെ വിവാദ ലോട്ടറി ഏജന്റ് സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ട് കോടി രൂപയുടെ ബോണ്ട് പാർട്ടി പത്രത്തിനായി വാങ്ങിച്ചു വെന്ന വിവാദവും സിപിഎമ്മിനെ നിരന്തരം വേട്ടയാടി. ലോട്ടറി മാഫിയക്കെതിരെ അതിശക്തമായ നടപടി എടുക്കുമെന്ന് പാർട്ടി പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അന്നും പാർട്ടി ഇ.പിയുടെ ജാഗ്രതക്കുറവ് എടുത്തുപറഞ്ഞു.
പാലക്കാട് പാർട്ടി പ്ലീനത്തിന് അഭിവാദ്യമർപ്പിച്ച് വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയിൽ വന്നതായിരുന്നു മറ്റൊരു വിവാദം. ഇ.പിയുടെ നടപടി തെറ്റെന്ന് പാർട്ടി അന്നും വിമർശിക്കുകയുണ്ടായി.
ബോണ്ട് വിവാദം കത്തിപ്പടരുന്നതിനിടയിലാണ് കണ്ണൂരിൽ നായനാർ ഫുട്ബോൾ ടൂർണമെന്റിന് ഇ.പി ചെയർമാനായ സംഘാടകസമിതി വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൽ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന വിവാദം ഉയർന്നത്. അതിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പോലും പാർട്ടിക്ക് മറുപടിയില്ലാതെയായി.
ദേശാഭിമാനിയുടെ ഭൂമി വ്യവസായി ചാക്ക് രാധാകൃഷ്ണന് വിറ്റതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയർന്നു. വിപണി വിലയേക്കാൾ താഴ്ത്തി ഭൂമി നൽകിയതായിരുന്നു ആരോപണം. പിന്നാലെ പാർട്ടി പിന്നെയും സമ്മർദ്ദത്തിലായി. കട്ടൻചായയും പരിപ്പുവടയും ബീഡിയും വലിച്ച് പാർട്ടിയെ വളർത്താൻ നിന്നാൽ ആളുണ്ടാകില്ല എന്ന ഇ.പിയുടെ 2007ലെ പ്രസംഗവും വിവാദത്തിന് വഴിവെച്ചു. പാർട്ടിക്കും ഇ.പിക്കും വലത് വ്യതിയാനമെന്നായിരുന്നു ഇതിൽ വിമർശനം.
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഉപദേഷ്ടാവായിരിക്കെ വളപട്ടണത്തെ കണ്ടൽ പാർക്ക് നിർമ്മാണവും ജയരാജനെ വിവാദനായകനാക്കി. ആദ്യ പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരിക്കെ വകുപ്പിൽ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ വഴിവിട്ട് നിയമിച്ചതിന് പാർട്ടി കടുത്ത നടപടിയിലേക്ക് പോവുകയും ഇ.പിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
വിമാനത്തിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ടതായിരുന്നു മറ്റൊന്ന്. ഇതിൽ ഇ.പി ജയരാജന് ഇൻഡിഗോ വിമാന കമ്പനി യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇ.പി ജയരാജന്റെ ഭാര്യക്കും ബന്ധുക്കൾക്കും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലും ഇ.പി പാർട്ടിയെ വെട്ടിലാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച സ്ഥാനാർത്ഥികൾ ഉണ്ടെന്ന ഇ.പിയുടെ പ്രസ്താവന പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഒടുവിൽ തെരഞ്ഞെടുപ്പിന്റെ ദിവസം ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന തുറന്നുപറച്ചിൽ ഇ.പി ജയരാജന് കനത്ത വെല്ലുവിളിയായി. ഒന്നിനു പുറകെ ഒന്നായി ഉയർന്ന വിവാദങ്ങളിൽ തട്ടിത്തടഞ്ഞ് ഒടുവിൽ ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിയെ നീക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.