Kerala
വിനായകന് പരാതിയുണ്ടെങ്കിൽ കൊടുക്കട്ടെ, പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത കാട്ടണം; ഇ.പി ജയരാജൻ
Kerala

'വിനായകന് പരാതിയുണ്ടെങ്കിൽ കൊടുക്കട്ടെ, പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത കാട്ടണം'; ഇ.പി ജയരാജൻ

Web Desk
|
26 Oct 2023 9:22 AM GMT

പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു

കൊച്ചി: വിനായകന് പോലീസിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ രേഖാമൂലം പരാതി നൽകാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പുലർത്തണം. പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

വിനായകന്‍ മാന്യത പാലിച്ചില്ലെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും പോലീസിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടെങ്കില്‍ പരാതി നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നും ഇ.പി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ തെറ്റായ നടപടിയെ ന്യായീകരിക്കാൻ ഒരു പാർട്ടിയും ഇടപെടാറില്ലെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. വിനായകന് സഖാവെന്ന പ്രിവിലേജ് കിട്ടിയെന്ന ആരോപണത്തിലാണ് പ്രതികരണം.

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനാണ് നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.

വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ പൊലീസിനെ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാൻ പൊലീസ് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ വനിതാ പൊലീസിനോട് വിനായകന്‍ മോശമായി പെരുമാറി. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ സ്റ്റേഷന്റെ പുറത്ത് വെച്ച് സിഗരറ്റ് വലിച്ചതിന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും വിനായകൻ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതെന്നും പൊലീസ് പറയുന്നു. സി.ഐ നോർത്ത് പൊലീസ് സ്റ്റേഷൻ ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനടക്കമാണ് വിനായകനെതിരെ കേസ് എടുത്തത്.

Similar Posts