രണ്ടു ജയരാജന്മാരെയും തീർക്കാനുള്ള പിണറായിയുടെ വജ്രായുധം-കെ.എം ഷാജി
|'എത്രയോ വർഷമായി കണ്ണൂരിൽ കുന്നിടിക്കുകയും കോടിക്കണക്കിനു രൂപ നിക്ഷേപിക്കുകയും ചെയ്യുന്നത്. അതിനുള്ള എല്ലാ അനുമതിയും നൽകിയത് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്.'
വയനാട്: ഇ.പി ജയരാജനെയും പി. ജയരാജനെയും തീർക്കാനുള്ള പിണറായി വിജയൻരെ വജ്രായുധമാണ് സി.പി.എമ്മിലെ പുതിയ ആരോപണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും അവർ പരിഹരിക്കുമെന്നുമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനു പിന്നാലെയാണ് ഷാജിയുടെ രൂക്ഷവിമർശനം.
ഇ.പി ജയരാജനെതിരെ പി. ജയരാജൻരെ പുതിയ പരാമർശം വന്നിരിക്കുന്നു. കണ്ണൂരിലെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്. എത്രയോ വർഷമായി കണ്ണൂരിൽ കുന്നിടിക്കുകയും കോടിക്കണക്കിനു രൂപ നിക്ഷേപിക്കുകയും ചെയ്യുന്നത്. അതിനുള്ള എല്ലാ അനുമതിയും നൽകിയത് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്. അവരുടെ മുനിസിപ്പാലിറ്റിയിലാണിത്-വയനാട്ടിൽ നടന്ന ലീഗ് പരിപാടിയിൽ ഷാജി പറഞ്ഞു.
ഈ പോക്ക് അപകടകരമാണെന്ന് പിണറായി വിജയന് അറിയാം. ഇ.പിയുടെ ചിറകരിയണമായിരുന്നു. അതിന് ഇതേ പിണറായി മൂലക്കിരുത്തിയ പി. ജയരാജനെ കൊണ്ടുവരുന്നു. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടെയും സ്ഥിതി. അയാളെയും മക്കളെയും പറഞ്ഞാൽ ആരുടെയും പണിപാളും. അയാൾക്കെതിരെ പറഞ്ഞാൽ ശിക്ഷയും പണിയുമുണ്ടാകും. അത് പിണറായിയുടെ ശൈലിയാണെന്നും ഷാജി ആരോപിച്ചു.
''പാർട്ടിയിലെ അഴിമതികളാണ് പ്രശ്‌നമെങ്കിൽ കരുവന്നൂർ ബാങ്കിലെ വിഷയത്തിൽ, പയ്യന്നൂരിലെ അഴിമതിയിൽ, തിരുവനന്തപുരത്തെ അഴിമതിയിൽ, ശൈലജ ടീച്ചർക്കെതിരെയുള്ള ആരോപണത്തിലെല്ലാം ജയരാജൻ പരാതി കൊടുക്കാത്തത് എന്തുകൊണ്ടാണ്? രണ്ടു ജയരാജന്മാരെയും ഒന്നിച്ചുതീർക്കാൻ പിണറായി തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് ആരോപണവും പ്രത്യാരോപണവും ഒന്നിച്ചുവരുന്നത്.''
പാർട്ടിയിൽ അഴിമതി നടത്തണമെങ്കിൽ പിണറായിഭക്തി തുടർന്നുകൊണ്ടിരിക്കണം. അതില്ലെങ്കിൽ മിനിമം മകളുടെയോ പുതിയാപ്പിളയുടെയോ എങ്കിലും പ്രീതിയിൽ ഉണ്ടാവണമെന്നതാണ് നിയമമെന്നും ഷാജി പരിഹസിച്ചു.