Kerala
തൃക്കാക്കരയിലെ ഇടതു മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ സമനിലതെറ്റിച്ചു- ഇ.പി ജയരാജൻ
Kerala

തൃക്കാക്കരയിലെ ഇടതു മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ സമനിലതെറ്റിച്ചു- ഇ.പി ജയരാജൻ

Web Desk
|
17 May 2022 12:50 PM GMT

മുഖ്യമന്ത്രിയെ ചങ്ങലപൊട്ടിച്ച് വന്ന നായയെന്ന് കെ.സുധാകരൻ വിശേഷിപ്പിച്ചത് സംസ്‌കാര ശൂന്യമായ നടപടിയാണെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി

എറണാകുളം: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഇടതുപക്ഷ മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചെന്ന് എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പരാമർശം അപലപനീയമാണ്. സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പിനെ വഷളാക്കാനുള്ള ശ്രമമാണിതെന്നും ജയരാജൻ ആരോപിച്ചു.

ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ച് വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങി നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്‍റെ പരാമര്‍ശം. ഇത് സംസ്കാര ശൂന്യമായ നടപടിയാണെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ നീചമായ വാക്ക് കൊണ്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കെ.പി.സി.സി പ്രസിഡന്‍റിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃക്കാക്കരയില്‍ യു.ഡി.എഫ് ഭയപ്പാടിലാണ്. ജനങ്ങൾ യു.ഡി.എഫിനെ തിരിച്ചറിയണം. ആം ആദ്മിയുടെ മുന്നിൽച്ചെന്ന് വോട്ടിന് വേണ്ടി കാല് പിടിച്ച് കേഴുകയാണ് യു.ഡി.എഫ്. ട്വന്‍റി- ട്വന്‍റിക്ക് മുന്നിൽ ദയാഹരജിയുമായി പോകേണ്ട അവസ്ഥയിലെത്തിയെന്നും ജയരാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ നീചമായി അധിക്ഷേപിച്ചതിൽ അണികൾ വികാരം കൊള്ളരുതെന്നും അതേ ഭാഷയിൽ പ്രതികരിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Similar Posts