Kerala
ep jayarajan
Kerala

വൈദേകം റിസോർട്ടുമായുള്ള ഇടപാടുകൾ പിൻവലിക്കാനൊരുങ്ങി ഇ.പി. ജയരാജൻ

Web Desk
|
21 March 2024 3:27 AM GMT

വൈദേകവുമായി ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം എൽ.ഡി.എഫിനെ വെട്ടിലാക്കിയിട്ടുണ്ട്

തിരുവനന്തപുരം: വൈദേകം റിസോർട്ടിലെ ഓഹരികൾ പിൻവലിക്കാനൊരുങ്ങി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ സ്ഥാപനമായ നിരാമയയ്ക്ക് വൈദേകവുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ജയരാജന്റെ നീക്കം.

നിരാമയയുമായി വൈദേകത്തിന് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇ.പി. ജയരാജൻ ഇക്കാര്യത്തില്‍‌ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇ.പിയുടെ കുടുംബവും നിരാമയ ജീവനക്കാരും ഒന്നിച്ചുള്ള ചിത്രം കഴിഞ്ഞദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ചിത്രം പുറത്തുവിട്ടത്.

അതേസമയം, വൈദേകത്തില്‍ തന്‍റെ ഭാര്യയുടെ പേരിലുള്ള ഓഹരി പൂർണമായി ഒഴിവാക്കുമെന്ന് ജയരാജൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഷെയർ മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനം. അതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്. തന്നെപ്പോലെ ഉള്ള ഒരാളെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഭാര്യയുടെ ഷെയർ ഒഴിവാക്കുന്നത്. അതല്ലാതെ പ്രതിപക്ഷ ആരോപണങ്ങളെ ഭയന്നിട്ടല്ല- ജയരാജന്‍ വിശദീകരിക്കുന്നു.


Similar Posts