'മരണവെപ്രാളം കൊണ്ടു പലരും വീർപ്പുമുട്ടുന്നു'; പ്രതിപക്ഷ നേതാവിന്റെ കൈകൾ ശുദ്ധമല്ലെന്നും ഇ.പി ജയരാജൻ
|'യു.ഡി.എഫ് സ്വീകരിക്കുന്ന പ്രചാരണ രീതി ആരും സ്വീകരിക്കരുതെന്ന് അപേക്ഷിക്കുന്നു'
കൊച്ചി: വ്യാജ അശ്ലീല വീഡിയോ കേസിൽ അബ്ദുൽ ലത്തീഫിനെ പിടികൂടിയതോടെ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുന്നെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മരണവെപ്രാളം കൊണ്ടു പലരും വീർപ്പുമുട്ടുന്നെന്നും വ്യാജ വീഡിയോ യു.ഡി.എഫാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'യു.ഡി.എഫ് സ്വീകരിക്കുന്ന പ്രചാരണ രീതി ആരും സ്വീകരിക്കരുതെന്ന് അപേക്ഷിക്കുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പറ്റാത്ത കാര്യങ്ങളാണ് യു.ഡി.എഫ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ കൈകൾ ശുദ്ധമല്ല എന്ന് ജനങ്ങൾ വിശ്വസിക്കുന്നെന്നും ജയരാജൻ പറഞ്ഞു.
തൃക്കാക്കരയിലെ മികച്ച പോളിംഗ് എൽ.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീലവീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ഇന്ന് രാവിലെയാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് നേതൃത്വവും രംഗത്തെത്തി. ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായി പി.എം.എ സലാം പറഞ്ഞു.