'സുഖമില്ലാത്ത സുധാകരനെ കൊണ്ടു വന്ന് ഈ അടിപിടിയൊക്കെ ഉണ്ടാക്കണോ?'; പ്രതിപക്ഷത്തോട് ഇപി
|"പൊലീസിന് ടിയർ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു, ഇത് അക്രമികൾ പിരിഞ്ഞു പോകാൻ വേണ്ടിയുള്ള പൊലീസിന്റെ നടപടിയാണ്"
തിരുവനന്തപുരം: പൊലീസിന് നേരെ ആസൂത്രിതമായ ആക്രമണം ആണ് ഇന്ന് അരങ്ങേറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ജാഥ ആരംഭിച്ചത് മുതൽ റോഡ് മുഴുവൻ അഴിഞ്ഞാടികൊണ്ടാണ് കോൺഗ്രസ് വന്നതെന്നും കെ. സുധാകരനും വി ഡി സതീശനും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
"റോഡിന്റെ സൈഡിലുള്ള ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും നശിപ്പിച്ച് അഴിഞ്ഞാടിക്കൊണ്ടാണ് കോൺഗ്രസ് പ്രകടനം ആരംഭിച്ചത്. അസാധാരണമായ സംഭവമായിരുന്നു ഇന്ന് ഡിജിപി ഓഫീസിന് മുന്നിൽ. കമ്പിവടിയും ആർഎസ്എസുകാരുടേത് പോലെ വാളുകളുമെല്ലാമായി വഴിയിലുള്ളവരെയെല്ലാം ഭീഷണിപ്പെടുത്തി ഭ്രാന്ത് പിടിച്ച പ്രകടനമായിരുന്നു കോൺഗ്രസിന്റേത്. പ്രത്യേകം ക്രമികരിച്ച വേദിക്കരികിൽ കല്ലും വടികളുമെല്ലാമായി സജ്ജമായിരുന്നു പ്രവർത്തകർ.
പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവർ പൊലീസിന് നേരെ കല്ലേറു തുടങ്ങി. പൊലീസ് ആദ്യം പിന്നോട്ട് മാറിയെങ്കിലും തുരുതുരാ കല്ലേറുണ്ടായതോടെ പൊലീസ് രംഗത്തിറങ്ങി. കെ.സുധാകരനും സതീശനുമെല്ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മുട്ടയിൽ പറങ്കിപ്പൊടി നിറച്ചാണ് പ്രവർത്തകർ എറിഞ്ഞത്. ഇതിനെ പ്രതിരോധിക്കാൻ പൊലീസിന് ടിയർ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. ഇത് അക്രമികൾ പിരിഞ്ഞു പോകാൻ വേണ്ടിയുള്ള പൊലീസിന്റെ നടപടിയാണ്. സ്വാഭാവികമായും ടിയർ ഗ്യാസ് ശാരീരികാസ്വസ്ഥതയുണ്ടാക്കും.
ഞാൻ ചോദിക്കുന്നത് ആ സുഖമില്ലാത്ത സുധാകരനെ വിളിച്ചു കൊണ്ടു വന്ന് ഈ കല്ലേറും അടിപിടിയുമൊക്കെ ഉണ്ടാക്കണോ എന്നാണ്. അദ്ദേഹത്തിന് ഇതൊക്കെ കാണുമ്പോൾ പ്രഷർ കൂടും. വി.ഡി സതീശൻ എന്തെങ്കിലും നടത്താനുള്ള നടപടിയുമായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അദ്ദേഹവും കെ.സുധാകരനും നടത്തിയിട്ടുള്ള ഈ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ വികൃതമുഖം ജനങ്ങൾ കാണണമെന്നാണ് ഞങ്ങൾ അഭ്യർഥിക്കുന്നത്". ഇ.പി പറഞ്ഞു.