സ്വപ്നയെ എഴുന്നള്ളിച്ച് നടക്കുന്നത് കോൺഗ്രസിൻറെ ഗതികേട്; പി.സി ജോർജും, ക്രൈം നന്ദകുമാറും കൂട്ടാളികളെന്ന് ഇ.പി ജയരാജൻ
|'മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയത്. വി.ഡി സതീശനെയും കെ. സുധാകരനെയും ചോദ്യം ചെയ്താൽ കാര്യങ്ങൾ വ്യക്തമാകും'
കണ്ണൂര്‍: സ്വപ്ന സുരേഷിനെ എഴുന്നള്ളിച്ച് നടക്കുന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ,പി ജയരാജന്‍. പി.സി ജോർജും, ക്രൈം നന്ദകുമാറുമാണ് സ്വപ്ന സുരേഷിനെ ഉപയോഗിച്ചുള്ള പ്രചാരണത്തിൽ കോൺഗ്രസിന്റെ കൂട്ടാളികളെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു. നന്ദകുമാറിന്റെ ഓഫീസിലെ സ്ത്രീ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയതാണ്. ജോ ജോസഫിനെതിരെ വീഡിയോ തയ്യാറാക്കിയത് ക്രൈം നന്ദകുമാറും, വി.ഡി സതീശനുമാണെന്നാണ് മനസിലായതെന്നും ജയരാജൻ പറഞ്ഞു.
ലീഡറായിക്കളയാമെന്ന ധാരണയിൽ പലരെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് വി.ഡി സതീശൻ കരുതേണ്ട, മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയത്. പിടിക്കപ്പെട്ടപ്പോൾ എന്‍റെ കുട്ടികളെന്ന് സുധാകരൻ പറഞ്ഞു. വി.ഡി സതീശനെയും കെ. സുധാകരനെയും ചോദ്യം ചെയ്യണമെന്നും വ്യോമയാന വിഭാഗം അത് ചെയ്താൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
"ആര്‍.എസ്.എസുകാര്‍ തലക്ക് വിലപറഞ്ഞയാളാണ് മുഖ്യമന്ത്രി, കനത്ത പൊലീസ് സുരക്ഷയുള്ളയാളാണ്. ആ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ പന്ത്രണ്ടായിരം രൂപകൊടുത്ത് ടിക്കറ്റെടുത്ത് മൂന്ന് പേരെ അയച്ചിരിക്കുന്നു കോണ്‍ഗ്രസ്. പൊലീസ് പിടികൂടിയപ്പോള്‍ അവരെ ന്യായീകരിക്കുന്നു. കോണ്‍ഗ്രസിന്‍റെ അപചയമാണ് ഇവിടെ കാണുന്നത്" ഇ.പി ജയരാജന്‍ പറഞ്ഞു.
"ഡല്‍ഹിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായി ഇ.ഡി നോട്ടീസയച്ചു. അതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ വലിയ സമരം നടന്നു. പൊലീസുകാര്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുപൊളിച്ചു. അടികൊണ്ട് ഓരോ നേതാക്കള്‍ നാലുപാട് ഓടി. കെ.സി വേണുഗോപാലിന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് ഷര്‍ട്ടും ബനിയനും കീറി. തലയില്‍ കൈവെച്ച് നിലവിളിയാണ്. ഇവിടെ കൂക്കി വിളിച്ച് തെക്കുവടക്കും നടക്കുന്ന കുറേ കോണ്ഡഗ്രസുകാരുണ്ടല്ലോ, അവര് ഡല്‍ഹിയിലേക്ക് പോ.." രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ ഇ.ഡി അന്വേഷണത്തില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിലെ സമരത്തിലും പിണറായി വിജയനും സര്‍ക്കാരിനുമെതിരെയാണ് മുദ്രാവാക്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ആര്‍.എസ്.എസും- കോണ്‍ഗ്രസും ചേര്‍ന്ന പുത്തന്‍ മുന്നണി നാടിനും നാട്ടുകാര്‍ക്കും എതിരാണ്. കേരള സമൂഹമാകെ ഉയിര്‍ത്തെഴുന്നേല്‍ക്കണം. വികസന കാര്യത്തില്‍ യോജിക്കാന്‍ തയ്യാറുള്ള മുഴുവന്‍ സംഘടനകളുമായി യോജിച്ച് മുന്നോട്ട് പോകാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.