Kerala
EP Jayarajan responds to K Sudhakarans allegations on his align with BJP
Kerala

'എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല, സുധാകരന് പക'; ഇപി ജയരാജൻ

Web Desk
|
25 April 2024 9:20 AM GMT

"ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ, ചില കോൺഗ്രസ് നേതാക്കൾ ഇതറിഞ്ഞ് മടക്കി അയച്ചു"

കണ്ണൂർ: തനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുകയാണെന്ന കെ.സുധാകരന്റെ ആരോപണങ്ങൾക്ക് പിന്നിൽ പഴയ പകയാണെന്നും സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

"എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല. എന്നെ വധിക്കാൻ പലവട്ടം ശ്രമിച്ചവരാണ് ബിജെപിക്കാർ. സുധാകരന് മോഹൻലാലിന്റെ ഒരു സിനിമയിലുള്ള രോഗമാണ്. ആ രോഗത്തിന്റെ പേര് ഞാൻ പറയുന്നില്ല. സുധാകരൻ ഇന്നലെ കഴിക്കേണ്ട മരുന്ന് കഴിച്ചില്ല. അതുകൊണ്ടാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കണം. ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ. ചില കോൺഗ്രസ് നേതാക്കൾ ഇതറിഞ്ഞ് മടക്കി അയച്ചു. അമിത് ഷായെ കാണാനും സുധാകരൻ നീക്കം നടത്തി.

ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ എനിക്കതിന്റെ ആവശ്യമില്ല. സുധാകരൻ പറഞ്ഞ ബിജെപി നേതാവിനെ ഞാൻ കണ്ടിട്ടു പോലുമില്ല. ദുബൈയിൽ പോയിട്ട് തന്നെ വർഷങ്ങളായി. മന്ത്രി ആയിരുന്നപ്പോഴാണ് അവസാനമായി പോയത്. സുധാകരൻ എന്നെ വെടിവയക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണ്. പഴയ തോക്കിന്റെ പക ഇപ്പോഴും സുധാകരന് തീർന്നിട്ടില്ല. ആരോപണത്തിന് സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. വക്കീൽ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം". ജയരാജൻ കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് പോകാൻ ഇപി ചർച്ച നടത്തിയെന്നാണ് ഇന്ന് കെ.സുധാകരൻ പറഞ്ഞത്. ഗൾഫിൽ വെച്ച് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും പങ്കെടുത്ത ചർച്ചയിൽ ഇപി ജയരാജനും ഉണ്ടായിരുന്നുവെന്നും സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പിൻവലിയുകയായിരുന്നുവെന്നും ആയിരുന്നു സുധാകരന്റെ ആരോപണം. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.

Similar Posts