'രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ല, ഉണ്ടെങ്കിൽ ബിസിനസ് മുഴുവൻ വി.ഡി സതീശന് സൗജന്യമായി നൽകാം' മറുപടിയുമായി ഇ.പി ജയരാജൻ
|'ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്നു പറഞ്ഞത് പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാൻ'
കണ്ണൂർ: ബിജെപി നേതാവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമില്ലെന്നും ബിസിനസ് ഉണ്ടെങ്കിൽ അതെല്ലാം വി.ഡി സതീശന് സൗജന്യമായി നൽകാമെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. രാജീവ് ചന്ദ്രശേഖറുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും പത്രത്തിൽ കണ്ട പരിചയം മാത്രമേയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി സതീശനെ പോലെ താൻ ബിസിനസുകാരനല്ലെന്നും തെറ്റായ വാർത്ത നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖരന്റെ സ്ഥാപനമായുള്ള വൈദീകം റിസോർട്ടിന്റെ കരാർ ആയുർവേദ ചികിത്സയ്ക്കായാണെന്നും നിരാമയ എൻഡിഎ സ്ഥാനാർഥിയുടെ കമ്പനിയാണോയെന്നറിയില്ലെന്നും പറഞ്ഞു. താൻ വൈദീകം റിസോർട്ടിൽ അഡൈ്വസർ മാത്രമാണെന്നും നിരാമയയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും പറഞ്ഞു. ആരോപണം തെളിയിച്ചാൽ തന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ സതീശന്റെ ഭാര്യക്ക് എഴുതി നൽകാമെന്നും ഇ.പി ജയരാജൻ വെല്ലുവിളിച്ചു.
അതേസമയം, കേരളത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന പ്രസ്താവനയിൽനിന്ന് ഇ.പി ജയരാജൻ മലക്കം മറിഞ്ഞു. ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്നു പറഞ്ഞത് പ്രവർത്തകർക്ക് ജാഗ്രത ഉണ്ടാകാനാണെന്നും മത്സരം ആരൊക്കെ തമ്മിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഇന്ന് ഇ.പി പറഞ്ഞത്. ജയരാജന്റെ ആദ്യത്തെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞതിനെ തുടർന്നാണ് നിലപാട് മാറ്റിയത്. അതേസമയം, സ്ഥാനാർഥികളെ ജയിപ്പിക്കാൻ ബിജെപി എന്തു വഴിയും തേടുമെന്നും കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണെന്നും ഇ.പി പറഞ്ഞു.