"ആര് സംസാരിക്കണമെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു": സെമിനാർ കളങ്കപ്പെടുത്താൻ ശ്രമമെന്ന് ഇപി
|കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണെന്നും ഇപി
തിരുവനന്തപുരം: കോഴിക്കോട് നടന്ന ഏകസിവിൽകോഡിനെതിരായ സിപിഎം സെമിനാർ കളങ്കപ്പെടുത്താൻ ശ്രമമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ദിവസങ്ങൾക്ക് മുൻപ് പരിപാടിയുടെ അജണ്ട സിപിഎം പ്രഖ്യാപിച്ചിരുന്നു. താൻ അതിൽ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ എന്ന് ഇപി ചോദിച്ചു.
"ഒരുമാസം മുൻപ് തിരുവനന്തപുരം മംഗലപുരത്ത് ഡിവൈഎഫ്ഐ നിർമിച്ച വീടുകളുടെ താക്കോൽദാന പരിപാടി ഏറ്റിരുന്നു. അതിനാലാണ് അതിൽ പങ്കെടുത്തത്. ഇന്നലെവരെ ആയുർവേദ ചികിത്സയിലായിരുന്നു. ഞാൻ സെമിനാറിൽ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണ്. വർഗീയ വികാരം ഇളക്കിവിടാനാണ് ഏക സിവിൽ കോഡ് നടപ്പിലാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞത്"; ഇപി പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കുന്ന രാജ്യം കൂടിയാണ്. എല്ലാവർക്കും ഒരു നിയമം എന്നത് ഈ രാജ്യത്ത് സാധ്യമല്ല. രാജ്യത്തിനകത്ത് പ്രശ്നമുണ്ടാക്കാനാണ് ഏകസിവിൽ കോഡ് പ്രഖ്യാപിച്ചത്. ഒരു വേഷം, ഒരു ഭാഷ , ഇപ്പോൾ എല്ലാവർക്കും ഒരേ നിയമം. വർഗീയ ധ്രുവീകരണം മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇപി ചൂണ്ടിക്കാട്ടി.
എസ്സി എസ്ടിക്കാർക്ക് രാജ്യത്ത് സംവരണമുണ്ട്. സിവിൽ കോഡിനകത്ത് ഇവർ വന്നാൽ സംവരണം സാധ്യമാകുമോ എന്നും ഇപി ജയരാജൻ ചോദിച്ചു. ഏതെങ്കിലും ഒരു വിഭാഗത്തെയല്ല രാജ്യത്തെ മൊത്തം ബാധിക്കുന്ന വിഷയമാണിത്. സെമിനാറിൽ ആര് സംസാരിക്കണം എന്നൊക്കെ സിപിഎം നേരത്തെ തീരുമാനിച്ചതാണെന്നും ഇപി കൂട്ടിച്ചേർത്തു.
സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയായിരുന്നു. സെമിനാറിൽ പങ്കെടുക്കാത്തതിലൂടെ തന്നോടുള്ള പാർട്ടി നിലപാടിലെ അനിഷ്ടം പ്രകടിപ്പിക്കുകയാണ് അദ്ദേഹമെന്നായിരുന്നു അഭ്യൂഹം. മുതിർന്ന നേതാവെന്ന പരിഗണന തനിയ്ക്ക് ലഭിച്ചിട്ടില്ലെന്ന പരാതി ഇപി നിരന്തരം ഉന്നയിക്കുന്നതും ഇതിനിടെ ഉയർന്നുവന്നിരുന്നു.