Kerala
VD Savarkar was a far left leader says EP Jayarajan
Kerala

സ്വാതന്ത്ര്യസമരക്കാലത്ത് വി.ഡി സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു: ഇ.പി ജയരാജൻ

Web Desk
|
17 Aug 2023 9:34 AM GMT

സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

കൊച്ചി: സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വി.ഡി സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഏതെങ്കിലും ബി.ജെ.പി നേതാക്കളുണ്ടോയെന്ന് ജയരാജൻ ചോദിച്ചു. അവർ വി.ഡി സവർക്കറെക്കുറിച്ച് പറയുമായിരിക്കും. എന്നാൽ അദ്ദേഹം അക്കാലത്ത് അവരുടെ കൂടെയായിരുന്നില്ല, തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

'അന്തമാൻ ജയിലിലായപ്പോൾ പുറത്തുവരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസിലായി. ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹരജി കൊടുത്തു'-ജയരാജൻ പറഞ്ഞു.

ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts