ഇ.പിയുടെ പിണക്കം തീർന്നു; വീണ്ടും വിമാനയാത്ര
|ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ ഇ.പി ജയരാജൻ വിമാനയാത്ര നടത്തുന്നത്
തിരുവനന്തപുരം: ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ വിമാനയാത്രയുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇൻഡിഗോ വിമാനക്കമ്പനി ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് ട്രെയിനിലായിരുന്നു ജയരാജന്റെ കണ്ണൂരിലേക്കുള്ള യാത്രകൾ. ഇൻഡിഗോയോട് പിണക്കമില്ലെന്ന് ജയരാജൻ പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് തുടങ്ങിയതാണ് ജയരാജന് ആശ്വാസമായത്. ഇതോടെ ഇന്ന് രാവിലെ ഏഴരയോടെ വിമാനത്തിൽ ജയരാജൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.
ഇൻഡിഗോ ചെയ്ത തെറ്റായ നിലപാടിനെതിരെയായിരുന്നു പ്രതികരണമെന്ന് ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. അവർ ചെയ്ത തെറ്റായ നിലപാട് ഇനി ആർക്കുമേലും പ്രയോഗിക്കാൻ പാടില്ല. എന്തും കാണിക്കാൻ ഇത്തരം കമ്പനികൾക്ക് അധികാരമുണ്ടെന്ന് അവർ ധരിക്കാനും പാടില്ല. വിമാനയാത്രക്കാരോട് കാണിക്കാൻ പാടില്ലാത്ത അന്യായമാണ് ഇൻഡിഗോ ചെയ്തത്. അത് അവരെക്കൊണ്ട് തിരുത്തിക്കാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. ഇതു തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം, സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വിലവർധനയുമായി വില കൂട്ടാനുള്ള ഒരു തീരുമാനവും മുന്നണി യോഗത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഒട്ടനവധി സംവിധാനങ്ങൾ ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. സപ്ലൈകോയുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി സ്വാഭാവികമായും ചില നടപടികൾ ഉണ്ടാകും. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Summary: After a gap of one and a half years, LDF convener EP Jayarajan took flight on Thiruvananthapuram-Kannur route.