Kerala
ep jayarajan_cpm
Kerala

"തൃശൂരിനോട് പ്രത്യേക താൽപര്യം, പാർട്ടിയിൽ നിന്ന് സമ്മർദമില്ല": ജാഥയിൽ പങ്കെടുക്കാൻ ഇപി എത്തി

Web Desk
|
4 March 2023 9:31 AM GMT

പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താൻ അറിയിക്കുകയാണെന്നും ഇപി വ്യക്തമാക്കി

തൃശൂർ: വിവാദങ്ങൾക്കൊടുവിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും. ജാഥയിൽ പങ്കെടുക്കാനായി ഇപി തൃശൂരിലെത്തി. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും ഇപി ജയരാജൻ പങ്കെടുക്കും. തൃശൂരിൽ വെച്ച് ജാഥയിൽ പങ്കെടുക്കാൻ പ്രത്യേക താല്പര്യമുണ്ടെന്നും ഇന്ന് പങ്കെടുക്കാൻ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

"കമ്യൂണിസ്റ്റ് പാർട്ടി മാർക്‌സിസ്റ്റിന്റെ സഖാക്കൾ വളരെ താല്പര്യത്തോടെയാണ് ഈ ജാഥയെയും അതിന്റെ പ്രവർത്തനങ്ങളെയും കാണുന്നത്. കാസർകോട് ജില്ലയിൽ മറ്റുചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ സമയങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. അതിലെല്ലാം സഖാക്കൾ സജീവമായി പങ്കാളിത്തം വഹിക്കും. സ്വാഭാവികമായ നടപടിക്രമം മാത്രമാണിത്. തൃശൂരിലെ സമാപനം എവിടെയാണോ അവിടെ ഞാൻ പങ്കെടുക്കും. അതിന് മുൻപ് എവിടെയും പങ്കെടുക്കില്ല"; ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ തൃശൂരിൽ പങ്കെടുക്കുമെന്ന് കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി പങ്കെടുക്കുക. ഒരുതരത്തിലുള്ള സമ്മർദവും പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടായിട്ടില്ല. മാധ്യമങ്ങളിൽ തുടർച്ചയായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താൻ അറിയിക്കുകയാണെന്നും ഇപി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല. കണ്ണൂരിൽ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങിയില്‍ ഇപി എത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. ഇപി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെയെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ ക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ മറുപടി.

Similar Posts