'ഒരാളെ ഇഷ്ടപ്പെടുമ്പോൾ സിനിമയും പാട്ടും ഉണ്ടാകും'; പിണറായി സ്തുതി ഗീതത്തെ തള്ളാതെ ഇ.പി ജയരാജൻ
|'പി ജയരാജനെ ഇതേ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രം'
കോഴിക്കോട്: മുഖ്യമന്ത്രി പിണറായിയെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെ കുറിച്ച് പാട്ടും സിനിമയും ഒക്കെ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്.അതിൽ തെറ്റില്ല. പി ജയരാജനെ ഇതേ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണ് അതിപ്പോൾ ചർച്ച ചെയ്യേണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
'എല്ലാ രംഗത്തും ഇത്തരത്തിലുള്ള മഹത് വ്യക്തികളെക്കുറിച്ച് ഇത്തരം പാട്ടുകളൊക്കെ ഉണ്ടാകും.അത് മനുഷ്യന്റെ വികാരത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. അതിൽ ശരിയും തെറ്റും നിരീക്ഷിക്കേണ്ടത് ജനങ്ങളാണ്.അതവർ നിരീക്ഷിക്കും. ജയരാജനെതിരെ ഒരുനടപടിയും ഉണ്ടായിട്ടില്ല.' ജയരാജന്‍ പറഞ്ഞു.
മെഗാതിരുവാതിരയിലെ വിവാദമായ പിണറായി സ്തുതിക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു 'കേരള സിഎം’ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ഗാനം. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍ വിശേഷിപ്പിക്കുന്നു. നാടിന്‍റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടില്‍ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിന് ഇരയായിരിക്കുകയാണ് ഈ വീഡിയോ. ''ഇനിയും ഇത് പോലുള്ള കലാസൃഷ്ടികള്‍ നിര്‍മ്മിച്ച് പാര്‍ട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യര്‍ത്ഥനയുണ്ട്. നന്ദി, ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ,ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. വിജയനെ പറ്റി ഇനിയും ഇതുപോലത്തെ കുറെ കലാസൃഷ്ടികൾ വേണം . ഇനി ഇറക്കുമ്പോൾ മരുമകനെ പറ്റി പാട്ടിൽ ചേർക്കണം അപ്പോൾ പൊളിയാണ് '' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
നേരത്തെ സി.പി.എമ്മിന്‍റെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും സ്തുതിച്ചുകൊണ്ടുള്ള വരികൾക്കൊപ്പമായിരുന്നു തിരുവാതിര. ‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’ എന്നായിരുന്നു തിരുവാതിരയിലെ വരികള്‍. കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്രയും സംസ്കാരവും നടക്കുന്ന ദിവസം തന്നെ തിരുവാതിര നടത്തിയത് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.