Kerala
EP Jayarajans answer to the question whether CPM liked Muslim League and PK Kunhalikutty.
Kerala

'ലീഗിനെ കോൺഗ്രസിന് സംശയം, ഞങ്ങൾക്ക് എല്ലാവരോടും സ്‌നേഹം'; ലീഗിനോട് ഇഷ്ടം കൂടിയോയെന്ന ചോദ്യത്തിൽ ഇ.പി ജയരാജൻ

Web Desk
|
10 Nov 2023 5:28 AM GMT

എംവി രാഘവൻ അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചുവെന്നു ജയരാജൻ

തിരുവനന്തപുരം: തങ്ങൾ കമ്യൂണിസ്റ്റുകാരാണെന്നും എല്ലാവരോടും സ്‌നേഹമാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഈയിടെയായി മുസ്‌ലിം ലീഗിനോടും പികെ കുഞ്ഞാലിക്കുട്ടിയോടുമൊക്കെ ഇഷ്ടം കൂടിയോയെന്ന ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എംവി രാഘവൻ അനുസ്മരണ ചടങ്ങിൽ ലീഗ് നേതാവിനെ ക്ഷണിച്ചതിനെയും പിന്നീട് അദ്ദേഹം പിന്മാറിയതിനെയും തുടർന്നുണ്ടായ വിവാദം മുൻനിർത്തിയായിരുന്നു ചോദ്യം.

എംവി രാഘവൻ അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചുവെന്നും കോൺഗ്രസ് ആകെ അസ്വസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്‌ലീം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും അതിനാൽ കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും അത്രമാത്രം ദുർബലരാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു. ലീഗിന്റെ സഹായത്തിൽ കഴിഞ്ഞുകൂടുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഫലസ്തീൻ പ്രശ്‌നത്തിൽ പ്രതിഷേധം സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്തതിലും ജയരാജൻ പ്രതികരിച്ചു. കോൺഗ്രസിന്റെ നടപടി ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണെന്നും പാർട്ടിക്കുള്ളിൽ തന്നെ വിഭിന്ന അഭിപ്രായങ്ങളുണ്ടെന്നും അവ ശക്തിപ്പെട്ടു വരികയാണെന്നും പറഞ്ഞു. കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ജയിക്കില്ലെന്നും എന്നാൽ ലീഗിന് ജയിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷമെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി. എൽഡിഎഫ് തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കുമെന്നും എല്ലാ കക്ഷികളും ഒരുമിച്ച് എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു. ഉടൻ തീരുമാനം ഉണ്ടാകുമെന്നും വ്യക്തമാക്കി. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ ഇപി പിന്തുണച്ചു. കുറ്റം ആരോപിക്കപ്പെട്ടെന്ന് കരുതി പ്രതിയാവുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും കേട്ട് പരിഹരിക്കുമെന്നും നേരത്തെ മുന്നണി തീരുമാനിച്ച കാര്യങ്ങൾ അതിന്റേതായ രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്നും അറിയിച്ചു.


EP Jayarajan's answer to the question whether CPM liked Muslim League and PK Kunhalikutty.

Similar Posts