"ആർഷോയും വിദ്യയും തമ്മിലുള്ള ബന്ധമെന്താണെന്ന് ഒന്ന് അന്വേഷിക്കണം, പുറത്തുവിടാത്ത ചിത്രങ്ങൾ ഇനിയും എന്റെ കയ്യിലുണ്ട്"; മുഹമ്മദ് ഷിയാസ്
|വിദ്യക്ക് വേണ്ടി വൈസ് ചാൻസലറെ വിളിച്ചത് ഒരു പ്രമുഖ മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ സംരക്ഷണയിലാണ് വിദ്യ ഒളിവിൽ കഴിയുന്നതെന്നും ഷിയാസ് ആരോപിച്ചു
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും വ്യാജ രേഖ ചമക്കല്‍ കേസില്‍ പ്രതിയായ വിദ്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ കയ്യിലുണ്ടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷിയാസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. "ഏതു പോലീസ് അന്വേഷിച്ചാലും ചായാൻ ഇങ്ങനെയൊരു തോൾ ഉണ്ടെങ്കിൽ പിന്നെ എന്ത് നിയമം" എന്ന തലക്കെട്ടോടെയാണ് ആർഷോയും വിദ്യയും ഒന്നിച്ചുള്ള ഫോട്ടോ ഷിയാസ് പുറത്തുവിട്ടത്. ഈ ചിത്രം കയ്യിൽ കിട്ടിയിട്ട് ആറുദിവസമായെന്നും ഇനിയും പുറത്തുവിടാത്ത ചിത്രങ്ങൾ കയ്യിലുണ്ടെന്നുമാണ് ഷിയാസ് പറയുന്നത്.
ആർഷോയും വിദ്യയും തമ്മിലുള്ള സുഹൃദ്ബന്ധമോ സംഘടനാ ബന്ധമോ എന്താണെന്ന് അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. വിദ്യാക്കെതിരെ അന്വേഷണം നടക്കാതിരിക്കാൻ മാധ്യമപ്രവർത്തകയ്ക്കും കെഎസ്‌യു നേതാവിനുമടക്കം കേസെടുത്തത് ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. "എറണാകുളത്തെ പ്രധാന നേതാവും മന്ത്രിയുമായ ആളുടെ സംരക്ഷണയിലാണ് വിദ്യ ഒളിവിൽ കഴിയുന്നത്. വിദ്യ എറണാകുളത്തുണ്ടെന്ന് പൊലീസിന് അറിയാമെങ്കിൽ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്? അറസ്റ്റ് ചെയ്യാതിരിക്കാനുള്ള നടപടികൾ സിപിഎമ്മിന്റെയും മന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്."; ഷിയാസ് പറയുന്നു.
കാലടി സംസ്‌കൃത സർവകലാശാലയിൽ അഡ്മിഷൻ ലഭിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഈ മന്ത്രിയാണ്. കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ധർമരാജ് അടാട്ടിന്റെ ഫോൺ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. നാട്ടിലെ എസ്‌സി-എസ്‌ടി വിദ്യാർത്ഥികൾക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങളാണ് നിലവിലുള്ളത്. യുജിസി നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ധർമരാജ് അടാട്ടിനെ പോലെയുള്ള ആളുകളുടെ പ്രവർത്തികൾ അന്വേഷണവിധേയമാക്കുക തന്നെ വേണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
വിദ്യാർഥികൾ രാപകലില്ലാതെ കഷ്ടപ്പെട്ട് പരീക്ഷയെഴുതുമ്പോൾ ഹാജരാകാൻ പോലും കഴിയാത്ത എസ്എഫ്ഐ നേതാക്കൾ വിജയിക്കുന്നത് എങ്ങനെയെന്നതും അന്വേഷിക്കണം. നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി അഭിപ്രായങ്ങൾ മാറ്റിപ്പറയുന്നത് അധ്യാപനത്തിന് ചേർന്നതല്ലെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ആർഷോയുടെ പരാതി വ്യാജമാണ്. ഇതിൽ മാധ്യമപ്രവർത്തകക്ക് അടക്കം കേസെടുത്തത് കോടതി വരാന്തയിൽ പോലുമെത്തില്ല. ഇത്തരത്തിൽ ക്രിമിനൽ നേതാക്കൾക്ക് വേണ്ടി കേസെടുത്ത് സഹായിക്കുന്ന പോലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ഷിയാസ് പറഞ്ഞു.