Kerala
Eranakulam district muslim league groupism
Kerala

ഗ്രൂപ്പ് തർക്കം രൂക്ഷം; എറണാകുളത്ത് ജില്ലാ കമ്മിറ്റി രൂപീകരിക്കാനാവാതെ മുസ്‌ലിം ലീഗ്

Web Desk
|
19 Jun 2023 1:16 AM GMT

മലബാറിന് പുറത്ത് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണ്.

കൊച്ചി: ഇബ്രാഹിം കുഞ്ഞ് പക്ഷവും അഹമ്മദ് കബീർ പക്ഷവും പോരടിച്ച് നിൽക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി രൂപികരിക്കാനാവാതെ മുസ്‌ലിം ലീഗ്. മലബാറിന് പുറത്ത് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണ്. നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ എറണാകുളം ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങളും ചർച്ചയാകും.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ ശാഖ മുതൽ ദേശീയ തലം വരെയുള്ള ഭാരവാഹികൾ ചുമതലയേറ്റിട്ടും എറണാകുളത്തും പത്തനംതിട്ടയിലും ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞിട്ടില്ല. ഇബ്രാഹിംകുഞ്ഞ് - അഹമ്മദ് കബീർ ഗ്രൂപ്പുകൾ പോരടിച്ചു നിൽക്കുന്നതാണ് എറണാകുളത്തെ പ്രശ്‌നം. എറണാകുളം ജില്ലയിലെ 14-ൽ 12 നിയോജകണ്ഡലങ്ങളും അഹമ്മദ് കബീർ ഗ്രൂപ്പിനൊപ്പമാണ്. എന്നാൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി പോസ്റ്റുകളിലൊന്ന് മകൻ അബ്ദുൽ ഗഫൂറിന് വേണമെന്ന വാശിയിലാണ് ഇബ്രാഹിംകുഞ്ഞ്. ഇതിന് വഴങ്ങാൻ അഹമ്മദ് കബീർ ഗ്രൂപ്പ് തയ്യാറല്ല.

ജില്ലാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലുണ്ടായതിന് പിറകേ പഴയ ജില്ലാ കമ്മിറ്റി തുടരാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു. ജൂൺ 30-നകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇതുവരെയും സമവായമായിട്ടില്ല. പാണക്കാട് സ്വാദിഖലി തങ്ങളിലുള്ള സ്വാധീനവും ആബിദ് ഹുസൈൻ തങ്ങളുടെ പിന്തുണയാണ് ഇബ്രാഹിംകുഞ്ഞിന്റെ ശക്തി.

നിലവിൽ വർക്കിങ് പ്രസിഡണ്ടായ ഗഫൂറിന് ആ പദവിയിൽ തന്നെ തുടരുകയോ വൈസ് പ്രസിഡണ്ട് ആകുകയോ ചെയ്യാമെന്ന നിലപാടാണ് അഹമ്മദ് കബീർ ഗ്രൂപ്പിനുള്ളത്. എന്നാൽ മുതിർന്ന നേതാവായ ഇബ്രാഹിം കുഞ്ഞിന്റെ ആഗ്രഹം പരിഗണിക്കാത്തത് നന്ദികേടാണെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. മുസ്‌ലിം ലീഗിലെ സംഘടനാ പ്രശ്‌നം യു.ഡി.എഫിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിൽ എറണാകുളം ഡി.സി.സിക്ക് കടുത്ത അതൃപ്തിയുണ്ട്. നാളെ ചേരുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.

Similar Posts