ഈരാറ്റുപേട്ട നഗരസഭ; അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്, എൽ.ഡി.എഫ് മത്സരിക്കില്ല
|മത്സരിക്കുന്നില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവന്നത് എന്തിനാണെന്നാണ് എസ്.ഡി.പി.ഐ . ഒന്നര മാസത്തോളം ഭരണസ്തംഭനം ഉണ്ടാക്കിയത് എന്തിനാണെന്ന് യു.ഡി.എഫും
ഈരാറ്റുപേട്ട നഗരസഭയിൽ ഇന്ന് നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫ് മത്സരിക്കാത്ത സാഹചര്യത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരാനാണ് സാധ്യത. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എസ്.ഡി.പി.ഐ നിലപാട് എടുത്തിട്ടില്ല .
യു.ഡി.എഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്ന് കാട്ടിയാണ് എൽ.ഡി.എഫ് നഗരസഭ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് . ഈ അവിശ്വാസത്തെ എസ്ഡിപിഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ യു ഡി എഫിന് ഭരണം നഷ്ടമായി . ഇതോടെ എൽ.ഡി.എഫിന് കടുത്ത വിമർശമാണ് നേരിടേണ്ടിവന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് എൽ.ഡി.എഫ് തീരുമാനിച്ചത് .
അധികാരത്തിലെത്താൻ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയാൽ സംസ്ഥാന തലത്തിൽ വരെ വിമർശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിന് ഉള്ളത് . ഇതോടെ വീണ്ടും ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഏകദേശം ഉറപ്പായി. തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എസ്.ഡി.പി.ഐ ഇതുവരെ നിലപാട് എടുത്തിട്ടില്ല. എൽ.ഡി.എഫ് നിലപാടിനെതിരെ കടുത്ത വിമർശനവും എസ്.ഡി.പി.ഐ ഉന്നയിക്കുന്നുണ്ട്. മത്സരിക്കുന്നില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവന്നത് എന്തിനാണെന്നാണ് എസ്.ഡി.പി.ഐയുടെ ചോദ്യം ആദ്യം . ഒന്നര മാസത്തോളം ഭരണസ്തംഭനം ഉണ്ടാക്കിയത് എന്തിനാണെന്ന് യു.ഡി.എഫും എൽ.ഡി.എഫിനോട് ചോദിക്കുന്നു. അതുകൊണ്ടുതന്നെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.