ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കില്ല
|എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കോൺഗ്രസ് വിട്ടു വന്ന ഒരംഗവും എസ്.ഡി.പി.ഐ അംഗങ്ങളും പിന്തുണച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു
ഈരാറ്റുപേട്ട നഗരസഭയിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കില്ല. ഇന്ന് ചേർന്ന എൽഡിഎഫ് പാർലിമെൻററി പാർട്ടി യോഗത്തിലാണ് തീരുമാനം. സ്വന്തം നിലയിൽ ഭരിക്കാൻ സാധിക്കാത്തതിനാലാണ് വിട്ട്നിൽകുന്നതെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. യുഡിഎഫ് ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദറിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എസ് ഡി പിഐ പിന്തുണച്ചതിനെ തുടർന്ന് പാസായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
28 അംഗ നഗരസഭയിൽ 15 പേരും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. കോൺഗ്രസ് വിട്ടു വന്ന ഒരംഗവും എസ്.ഡി.പി.ഐ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോൺഗ്രസ് കൗൺസിലർ അൻസലന പരീക്കുട്ടി യു.ഡി.എഫ് വിട്ടതോടെ അംഗസംഖ്യ 13 ആയി കുറഞ്ഞിരുന്നു. എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളും എസ്.ഡി.പി.ഐക്ക് അഞ്ച് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെ പ്രതിപക്ഷ നിരയിൽ 15 അംഗങ്ങളായി. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
എന്നാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയിൽ എടുക്കില്ലെന്നും സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.