Kerala
ernakulam angamaly
Kerala

പരിഹാരമാകാതെ കുർബാന തർക്കം; വത്തിക്കാൻ പ്രതിനിധിയുടെ നിലപാടിനെതിരെ പ്രതിഷേധം

Web Desk
|
14 Aug 2023 1:39 AM GMT

സിറിൽ വാസിലിനെതിരെ രേഖാമൂലം പ്രതിഷേധം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അൽമായ മുന്നേറ്റം.

കൊച്ചി: വത്തിക്കാൻ പ്രതിനിധി നേരിട്ടെത്തിയിട്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് പരിഹാരമായില്ല. പ്രശ്ന പരിഹാരത്തിന് മാർപ്പാപ്പ നിയോഗിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏകപക്ഷീയമായാണ് നിലപാട് സ്വീകരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഏകീകൃത കുർബാന നടപ്പാക്കാനെത്തിയ സിറിൽ വാസിലിനെതിരെ രേഖാമൂലം പ്രതിഷേധം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അൽമായ മുന്നേറ്റം.

ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന സിനഡ് തീരുമാനം പ്രാവർത്തികമാക്കാൻ സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നയം വ്യക്തമാക്കിയതോടെയാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു വരുന്നത്. വൈദിക സമിതിയുമായും വിവിധ സംഘടനകളുമായും ചർച്ചകൾ നടത്തിയെങ്കിലും വത്തിക്കാൻ പ്രതിനിധി ഏകീകൃത കുർബാന നടപ്പിൽ വരുത്തന്നതിലൂന്നിയാണ് സംസാരിച്ചത്. ഇതിനു പിന്നാലെ ഇനിയൊരു ചർച്ചക്കില്ലെന്ന് വൈദിക സമിതിയും അൽമായ മുന്നേറ്റവും തീരുമാനിച്ചത്.

ഇടവക പാരീഷ് കൗൺസിലോ ട്രസ്റ്റിമാരോ അറിയാതെ കുർബാന തർക്കത്തോടെ അടഞ്ഞുകിടക്കുന്ന എറണാകുളം കത്തിഡ്രൽ ബസിലിക്കയിൽ സിറിൽ വാസിൽ എത്തിയതും എതിർപ്പിനിടയാക്കി. ഇതോടെയാണ് വത്തിക്കാന്‍ പ്രതിനിധിക്കെതിരെ പ്രമേയം തയ്യാറാക്കി അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. പാരിഷ് കൗൺസിൽ പ്രതിനിധികള്‍, വിവിധ സംഘടനകളുടെ അതിരൂപത നേതൃത്വം, പാസ്റ്ററൽ കൗൺസില്‍ എന്നിവ ചേര്‍ന്നാണ് മാര്‍ സിറിൽ വാസിലിന് നാളെ പ്രമേയം സമർപ്പിക്കുക.

സിറോ മലബാർ സഭയിൽ നിലവിലുണ്ടായിരുന്ന വിശ്വാസികൾ നേതൃത്വം നൽകിയിരുന്ന പള്ളിയോഗങ്ങൾ പുനഃക്രമീകരിക്കാനുള്ള തീരുമാനവും എറണാകുളം അതിരൂപത വിശ്വാസികൾ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കും. തുടന്ന് റാലിയും സംഘടിപ്പിക്കുമെന്നും അറിയിച്ചു.

Similar Posts