Kerala
Ernakulam-Bengaluru Vande bharat Express
Kerala

എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

Web Desk
|
5 Sep 2024 1:48 PM GMT

വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരക്ക് വീണ്ടും വർധിപ്പിച്ചു

എറണാകുളം/ ബെംഗളൂരു: മലയാളികൾക്ക് ഓണസമ്മാനമായി കിട്ടിയ എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഓണത്തിനു മുൻപേ ഓട്ടം നിർത്തി. ഇതോടെ ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളികൾ പ്രതിസന്ധിയിലായി. വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരക്ക് വീണ്ടും വർധിപ്പിച്ചു.

ജൂലൈ 31നാണ് കൊട്ടിഘോഷിച്ച എറണാകുളം ബംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരുമാസം തികയുന്നതിന് മുൻപ് ആഗസ്ത് 26 ന് സർവീസ് നിർത്തലാക്കി. വരുമാനം ഉണ്ടെങ്കിൽ സർവീസ് നീട്ടാം എന്നായിരുന്നു റെയിൽവേ പറഞ്ഞിരുന്നത്. എന്നാൽ 15 ശതമാനം ബുക്കിങ് ഉണ്ടായിരുന്ന സർവീസ് ആണ് പൊടുന്നനെ റെയിൽവേ നിർത്തിയത്. ഇതോടെ ഓണം ആഘോഷിക്കാൻ നാട്ടിലെത്തി മടങ്ങാമെന്ന മലയാളികളുടെ മോഹമാണ് വെള്ളത്തിലായത്.

വന്ദേഭാരത് സർവീസ് നിർത്തലാക്കിയതോടെ ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകളുടെ ചാർജ് ഇരട്ടിയായി. വരുംദിവസങ്ങളിലും നിരക്ക് വർധിക്കും എന്നാണ് സൂചന. മുൻപ് 2000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4000 രൂപയിൽ അധികമാണ് ഈടാക്കുന്നത്. ഓണക്കാലം എത്തുന്നതോടെ ഇത് 5000 കടക്കും. 1465 രൂപയായിരുന്നു വന്ദേ ഭാരതത്തിന്റെ എസി ചെയർ കാർ നിരക്ക്. കെഎസ്ആർടിസി നടത്തുന്ന അന്തർ സംസ്ഥാന സർവീസ് മാത്രമാണ് ഇനി നാട്ടിലെത്താനുള്ള യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് ക്ഷാമമുണ്ടാകാനുള്ള സാധ്യതയും ഏറുന്നു.

Similar Posts