Kerala
ഡൊമനിക് പ്രസന്‍റേഷനെതിരെ കോൺഗ്രസിൽ പടയൊരുക്കം
Kerala

ഡൊമനിക് പ്രസന്‍റേഷനെതിരെ കോൺഗ്രസിൽ പടയൊരുക്കം

Web Desk
|
5 Jun 2022 12:51 AM GMT

പ്രചാരണത്തിലുടനീളം ഡൊമനിക് പ്രസന്‍റേഷൻ നടത്തിയ പ്രസ്താവനകൾ ഗൂഢ ലക്ഷ്യത്തോടെയെന്ന് ആരോപണം

കൊച്ചി: യു.ഡി.എഫ് എറണാകുളം ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്‍റേഷനെതിരെ കെ.പി.സി.സി നേതൃത്വത്തിന് കൂടുതൽ പരാതികൾ നൽകാനൊരുങ്ങി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. പ്രചാരണ ഘട്ടത്തിലുടനീളം ഡൊമനിക് പ്രസന്‍റേഷൻ നടത്തിയ പ്രസ്താവനകൾ ഗൂഢ ലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഡൊമനിക് പ്രസന്‍റേഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് കെ.പി.സി.സി. പ്രസിഡന്റിന് കത്തയച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് ജില്ലാ ചെയർമാനായ ഡൊമനിക് പ്രസന്റേഷൻ സ്ഥാനാർഥിയാകാൻ മോഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ആഗ്രഹം നടക്കാതെ വന്നപ്പോൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇവർ ആരോപിക്കുന്നു. വിജയിച്ചാലും ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കരുതെന്ന ചിന്തയിലായിരുന്നു യു.ഡി.എഫ് ചെയർമാന്റെ പ്രവർത്തനം. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ സ്ഥാര്‍ഥിയാണെന്നുള്ള പ്രചാരണങ്ങളെ എതിര്‍ത്ത് ഡൊമനിക് പ്രസന്റേഷന്‍ രംഗത്തെത്തിയതും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ജില്ലയിലെ എ വിഭാഗം നേതാവായ ഡൊമനിക്കിന് എതിരെ ഗ്രൂപ്പിന് അകത്ത് നിന്നുപോലും പ്രതിഷേധം ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതികരണവുമായി രംഗത്തെത്തിയേക്കും. പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാതെ ഡൊമനിക് പ്രസന്‍റേഷൻ വിട്ടു നിന്നത് ഗൂഢലക്ഷ്യത്തോടെ ആണെന്നും സീറ്റ് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കാരണമെന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിലും ഡൊമനിക് പ്രസന്‍റേഷന്‍ യു.ഡി.എഫിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ചിലർ പറയുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കെ.പി.സി.സി നേതൃത്വത്തിന് വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ നൽകാനാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.

Similar Posts