Kerala
എറണാകുളം-കായംകുളം റെയിൽ പാത നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിൽ; ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും
Kerala

എറണാകുളം-കായംകുളം റെയിൽ പാത നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാന ഘട്ടത്തിൽ; ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും

Web Desk
|
23 May 2022 1:40 AM GMT

കഴിഞ്ഞ ദിവസം മുതൽ പരുശുറാം എക്‌സ്പ്രസ് ഭാഗികമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായില്ല

കോട്ടയം: കോട്ടയം ഏറ്റുമാനൂർ - ചിങ്ങവനം റൂട്ടിലെ റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരും. പരശുറാം എക്‌സ്പ്രസ് ഭാഗികമായി സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതം തുടരുകയാണ്. 28ന് നടക്കുന്ന സ്പീഡ് ട്രയൽ റണ്ണിന് ശേഷം സർവീസുകൾ സാധാരണ നിലയിലാവുമെന്ന് റെയിൽവെ അറിയിച്ചു.

ട്രെയിൻ ഗതാഗതം നിയന്ത്രിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നത്. ഏറ്റുമാനൂരിലെയും ചിങ്ങവനത്തെയും ജോലികൾ പൂർത്തികരിച്ചെങ്കിലും കോട്ടയം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ബാക്കിയുള്ള ജോലികൾ നടക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ നാളെ മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 11 പ്രധാന സർവീസുകളാവും മുടങ്ങുക . അതേസമയം കഴിഞ്ഞ ദിവസം മുതൽ പരുശുറാം എക്‌സ്പ്രസ് ഭാഗികമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായില്ല. തലസ്ഥാന നഗരിയിലേക്കടക്കം പോകേണ്ടിയിരുന്ന മലബാർ മേഖലയിൽ നിന്നുള്ളവരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത്.

നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി റെയിൽവേ സേഫ്റ്റി കമ്മീഷണർ പാത ഇരട്ടിപ്പിക്കൽ നടന്ന വിവിധ സ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തും. 28ന് നടക്കുന്ന സ്പീഡ് ട്രയൽ റൺ വിജയിച്ചാൽ പിറ്റേദിവസം മുതൽ സർവീസുകൾ പഴയ നിലയിൽ പുനസ്ഥാപിക്കും. കോട്ടയം യാർഡിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ ജൂൺ മൂന്നാമത്തെ ആഴ്ച വരെ തുടരമെങ്കിലും ഇത് സർവീസുകളെ ബാധിക്കില്ലെന്നും റെയിൽ വേ വൃത്തങ്ങൾ വ്യക്തമാക്കി.

കായകുളം-എറണാകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്ക് 2001 ലാണ് റെയിൽവേ തുടക്കമിട്ടത്. എന്നാൽ രണ്ട് വർഷം മുമ്പ് തന്നെ മറ്റിടങ്ങളിലെ ജോലികൾ പൂർത്തീകരിച്ചെങ്കിലും ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിലുള്ള 17 കിലോ മീറ്റർ ദൂരത്തെ നിർമ്മാണങ്ങളാണ് ഏറ്റവും കൂടുതൽ വൈകിയത്.

Similar Posts