എറണാകുളം നവകേരള സദസ്സ്; കലക്ട്രേറ്റിന് മുന്നിലെ സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി
|വർഷങ്ങളായി തുടരുന്ന സമരമാണ് പൊലീസ് ഒഴിപ്പിച്ചത്, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നടപടിയെന്നാണ് വാദം
കൊച്ചി: എറണാകുളം കളക്ടറേറ്റിനു സമീപം നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഒഴിഞ്ഞുപോകാൻ നേരത്തേ നിർദേശം നൽകിയ, സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരെയാണ് പൊലീസ് നീക്കിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സമരപ്പന്തൽ ഒഴിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ വാദം.
മർദിതരായ ജനങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യപരമായ സമരം ഇതുവരെ നിർത്തിവയ്ക്കേണ്ടി വന്നിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. ഭരണതാല്പര്യങ്ങളെ സംരക്ഷിക്കാൻ സമരം നിർത്തേണ്ടി വരുന്നത് സമരം തന്നെ പണയപ്പെടുത്തലാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
വർഷങ്ങളായി തുടരുന്ന സമരമാണ് പൊലീസ് ഇന്ന് ഒഴിപ്പിച്ചത്. എറണാകുളം കലക്ട്രേറ്റിന് മുന്നിലായിരുന്നു സമരവേദി. ഉച്ചയ്ക്ക് ശേഷമാണ് ഇവർ സമരത്തിനെത്തുക. ചർച്ചയും മറ്റുമായി തികച്ചും സമാധാനപരമായാണ് ഇവർ സമരം തുടർന്നു പോന്നിരുന്നത്. നാളിതുവരെയും ഒരു തരത്തിലുള്ള പ്രകോപനപരമായ ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
ദരിദ്രരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തിനടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരവേദിക്ക് മുന്നിലൂടെയാണ് മുഖ്യമന്ത്രി നവകേരള വേദിയിലേക്ക് പോകുന്നത് എന്നതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് പൊലീസ് വാദം.
സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക...
തുടർന്ന് വൈകിട്ട് 4 ന് പിറവം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പിറവം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2 ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം നവകേരള സദസും വൈകിട്ട് 4 ന് കുന്നത്തുനാട് നിയോജക മണ്ഡല നവകേരള സദസ്സും നടക്കും. ...