Kerala
Error in FIR; The crime branch will investigate Dr Vandanas murder

ഡോ. വന്ദനദാസ്

Kerala

എഫ്.ഐ.ആറിൽ പിഴവ്; ഡോക്ടർ വന്ദനയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Web Desk
|
12 May 2023 1:32 AM GMT

കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല

കൊല്ലം: ഡോക്ടർ വന്ദനദാസ് വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഫ്.ഐ.ആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

അതേസമയം പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള പ്രതി ജി സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സംഭവത്തിൽ ആരോഗ്യവകുപ്പും റിപ്പോർട്ട് തയ്യാറാക്കി. കൊട്ടാരക്കര താലൂക്കാശുപത്രി സൂപ്രണ്ട്, കാഷ്വാലിറ്റി മെഡിക്കൽ സൂപ്രണ്ട്, പാരാ മെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.

അക്രമം നടന്ന കാഷ്വാലിറ്റിക്കും പുറത്തും ഫോറൻസിക് വിഭാഗം കഴിഞ്ഞ ദിവസം തെളിവ് ശേഖരിച്ചിരുന്നു. ഇതിനിടെ എഡിജിപി എം ആർ അജിത്കുമാർ, ദക്ഷിണമേഖലാ ഐജി സ്പർജൻകുമാർ, ഡിഐജി നിശാന്തിനി എന്നിവർ കൊട്ടാരക്കരയിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. ഹൈക്കോടതി നിർദേശപ്രക്രാരം കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സിബി രാജേഷ് റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യൂ ജീവനക്കാരുടെ മൊഴിയെടുത്തു.

ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താതെ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഹൗസ് സർജൻസ് അസോസിയേഷൻ. വന്ദനയെ ആക്രമിച്ച പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല,ഹൗസ് സർജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കുക, മെഡിക്കൽ കോളജുകളിലടക്കം ജോലിഭാരം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്.

മതിയായ സുരക്ഷയും താമസസൗകര്യവും സർക്കാർ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കൽ പിജി ഡോക്ടർമാരുടെ സംഘടനയായ KMPGAയും അറിയിച്ചു. ഇന്ന് രാവിലെ ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ വിദ്യാർഥികൾഇക്കാര്യങ്ങൾ ഉന്നയിക്കും. ആരോഗ്യമന്ത്രിക്ക് പുറമേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരും ചർച്ചയിൽ പങ്കെടുക്കും. റസിഡന്റ് ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു. അതിനാൽ മെഡിക്കൽ കോളേജുകളിൽ വളരെ അത്യാവശ്യമുള്ള രോഗികൾ മാത്രം എത്താവൂവെന്നും ടീച്ചർമാരുടെ സംഘടന അഭ്യർഥിച്ചു

Similar Posts