'ഏറെ സന്തോഷം നിറഞ്ഞ കാഴ്ച, സിദ്ദീഖ് കാപ്പനെപ്പോലെയുള്ള സഹോദരന്മാർക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തണം'; ഇ.ടി മുഹമ്മദ് ബഷീർ
|ഇന്ന് രാവിലെയാണ് സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായത്
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായ സന്തോഷം പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി. 'ഏറെ സന്തോഷം നിറഞ്ഞ കാഴ്ച. പ്രിയ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായിരിക്കുന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങൾ നിരത്തി അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കാതെ പീഡനം തുടരുകയായിരുന്നു . സിദ്ദീഖ് കാപ്പനെ പോലെ ഇനിയും ഒരുപാട് സഹോദരന്മാർ വിചാരണ പോലുമില്ലാതെ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലറകളിൽ ഉണ്ട്. അവർക്കായും നിരന്തരം ശബ്ദമുയർത്തികൊണ്ടേയിരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെയാണ് കാപ്പൻ ജയിൽ മോചിതനായത്. യു.എ.പി.എ,ഇഡികേസുകളിൽ ജാമ്യം ലഭിച്ചതോടെയാണ് ലഖ്നോ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. വിചാരണ നടപടികളുമായി പൂർണമായി സഹകരിക്കുമെന്നും കള്ളക്കേസ് ആണെന്ന് കോടതിയിൽ തെളിയിക്കുമെന്നും സിദ്ദീഖ് കാപ്പൻ മീഡിയവണിനോട് പറഞ്ഞു. റിലീസിങ് ഓർഡർ ഇന്നലെ വൈകിട്ട് ലഖ്നോ ജില്ലാ ജയിലിൽ ലഭിച്ചെങ്കിലും ഇന്ന് രാവിലെ 9.15 ഓടെയാണ് സിദ്ദീഖ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
നിയമം പാതിവഴിയിൽ മാത്രമേ ആയിട്ടുള്ളെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു. ഉറ്റവരെ കണ്ടപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് ജയിൽ കവാടം സാക്ഷ്യം വഹിച്ചത്. വീട്ടിലേക്ക് എത്തുമ്പോൾ കാണാനായി ഉമ്മ ഇല്ലെന്ന സങ്കടമാണ് വലയ്ക്കുന്നന്തെന്ന് സിദ്ദീഖ് പറഞ്ഞു. ജാമ്യവ്യവസ്ഥ അനുസരിച്ചു, നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് ഒന്നരമാസം കാപ്പൻ ഡൽഹിയിൽ കഴിയണം.