ഇടത്തോട്ട് ചായുന്നത് സ്വപ്നേപി വിചാരിച്ചിട്ടില്ല-ഇ.ടി മുഹമ്മദ് ബഷീർ
|''കോൺഗ്രസിനോട് അകലുകയാണെന്നും ഇടത്തോട്ട് ചായുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.''
കോഴിക്കോട്: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു വ്യക്തിപരമായ അഭിപ്രായമാണു പറഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. ഇടത്തോട്ട് ചായുകയാണെന്നും കോൺഗ്രസിനോട് അകലുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. അക്കാര്യം സ്വപ്നേപി വിചാരിച്ചിട്ടില്ലെന്നും ഇ.ടി കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
''ഇടത്തോട്ട് ചായുന്നുവെന്നും കോൺഗ്രസിനോട് അകലുന്നുവെന്നുമെല്ലാം വ്യാഖ്യാനമുണ്ടായി. ഇതു സ്വപ്നേപി വിചാരിച്ചിട്ടില്ല. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒതുങ്ങിയുള്ള അഭിപ്രായമാണു പറഞ്ഞത്. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമേയല്ല.''
പരിപാടിക്കു പോകണമെന്നാണ് ഞാൻ അന്നു പറഞ്ഞത്. യോജിച്ച എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണു പറഞ്ഞത്. അതോടൊപ്പം അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റേതായിരിക്കുമെന്നും ഞാൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ ഭാവനയായിരുന്നില്ല തന്റേതെന്നും ഇ.ടി കൂട്ടിച്ചേർത്തു.
അതിനിടെ, സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായുള്ള ലീഗ് നേതൃയോഗം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ലീഗ് ഹൗസിലാണു യോഗം നടക്കുന്നത്.
Summary: ET Muhammad Basheer said that it's the media's interpretation that the Muslim League leaning towards the left and moving away from the Congress