കേരളാ ബാങ്ക് ഡയറക്ടർ വിവാദം; കൂടിയാലോചന ഉണ്ടായില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ
|ഇന്ന് പാണക്കാട് നേതൃയോഗം ചേർന്നത് അറിഞ്ഞിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
മലപ്പുറം: പാണക്കാട് മുസ്ലിം ലീഗ് നേതാക്കൾ യോഗം ചേർന്നത് അറിഞ്ഞിട്ടില്ലെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേരള ബാങ്കിലെ മുസ്ലിം ലീഗ് പ്രതിനിധിയെക്കുറിച്ച് പാർട്ടിയിൽ ചർച്ച ഉണ്ടായിട്ടില്ല. കൂടിയാലോചനയുണ്ടായാലേ വിഷയത്തിൽ അഭിപ്രായം പറയാനാകൂവെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി മീഡിയവണിനോട് പറഞ്ഞു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ യു.ഡി.എഫിലെന്ന പോലെ ലീഗിനകത്തും അതൃപ്തി പുകയുകയാണ്. ലീഗ്- സി.പി.എം സഹകരണത്തിൽ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്ന നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സിപിഎം മായി മുസ്ലിം ലീഗിന് ഒരു കാലത്തും സഹകരിക്കാനാകില്ലെന്നും , ലീഗ് സ്ഥാപക നേതാക്കളായ പി.എം.എസ്.എ പൂക്കോയ തങ്ങളും, അബ്ദുറഹ്മാൻ ബാഫഖി തങ്ങളും വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രഖ്യാപിച്ചതാണെന്നും കെ.പി.എ മജീദ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ലീഗ് - സി.പി.എം സഹകരണത്തിൻറെ പേരിൽ ഇപ്പോൾ നടക്കുന്നത് ഊഹാപോഹങ്ങളാണ്. ലീഗിനെയും, യു.ഡി.എഫിനെയും ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെ.പി.എ മജീദ് വിശദീകരിച്ചു. ഇതിനിടെ ഇന്നും പാണക്കാട് ലീഗ് നേതൃയോഗം ചേർന്നു. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവരാണ് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിയാലോചന ഇല്ലെന്ന വിമർശനം മുതിർന്ന ലീഗ് നേതാക്കൾ തന്നെ ഉന്നയിക്കുമ്പോഴാണ് ഒരു വിഭാഗം നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയത്.