ബാങ്കിൽ നിക്ഷേപിച്ചത് 16 ലക്ഷം രൂപ, 12 വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചില്ല; പോരാട്ടം ബാക്കിയാക്കി കൃഷ്ണപിള്ള മടങ്ങി
|2011ൽ ബാങ്ക് പൊളിഞ്ഞതോടെ 3000 ത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി
കൊല്ലം: ജീവിത സമ്പാദ്യം മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് അത് തിരികെ കിട്ടുന്നതിന് 12 വർഷം പോരാട്ടങ്ങൾ നടത്തേണ്ടി വന്ന മുൻ അധ്യാപകൻ വി.ആർ കൃഷ്ണപിള്ള അന്തരിച്ചു. പൂട്ടിപ്പോയ കൊല്ലം താമരക്കുടി സഹകരണ ബാങ്കിൽ 16 ലക്ഷം രൂപയായിരുന്നു കൃഷ്ണപിള്ള നിക്ഷേപിച്ചിരുന്നത്. 12 വർഷം പോരാടിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിരുന്നില്ല. 13 കോടി രൂപയുടെ ക്രമക്കേടിനെ തുടർന്ന് 2011 ലാണ് ബാങ്ക് അടച്ചു പൂട്ടിയത്.
18 വർഷം മുമ്പ് 16 ലക്ഷം രൂപയാണ് കൃഷ്ണപിള്ള താമരക്കുടി സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്ക് പൊളിഞ്ഞതോടെ നിക്ഷേപം തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടങ്ങൾക്കിടെയാണ് അന്ത്യം. സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് 40 വർഷത്തോളം ഭരണം നടത്തിയ ബാങ്ക് ആണിത്. 2011ൽ ബാങ്ക് പൊളിഞ്ഞതോടെ 3000 ത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി. ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും നിക്ഷേപകർക്ക് പണം ലഭിച്ചില്ല. കൃഷ്ണപിള്ള മരിച്ചുവെങ്കിലും പ്രതീക്ഷ നഷ്ടപെട്ട ആയിരങ്ങൾ തങ്ങളുടെ മരണത്തിന് മുൻപ് പണം ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോഴും കാത്തിരിക്കുന്നത്.