'എനിക്ക് അഭയം നൽകിയവർപോലും പോയി'; ഞെട്ടൽ മാറാതെ സൽന
|താൻ പഠിക്കുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ അഭയാർഥി ക്യാമ്പിലാണ് പ്ലസ് ടു വിദ്യാർഥിയായ സൽന ഇപ്പോൾ കഴിയുന്നത്.
വയനാട്: താൻ പഠിക്കുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ അഭയാർഥി ക്യാമ്പിലാണ് പ്ലസ് ടു വിദ്യാർഥിയായ സൽന ഇപ്പോൾ കഴിയുന്നത്. കഴുത്തറ്റം ഉയർന്ന ചെളിവെള്ളത്തിൽ മണിക്കൂറുകളോളം നിന്നാണ് സൽനയും കുടുംബവും രക്ഷപ്പെട്ടത്. ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. കനത്ത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. അനുജനെ രക്ഷിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റു. ഒടുവിൽ രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടി.
സുരക്ഷിതമെന്ന് കരുതി ഉറങ്ങുമ്പോൾ കുതിച്ചെത്തിയ ചെളിവെള്ളം അവിടെയും തുടച്ചുനീക്കി. ഹാളിൽ കിടന്നിരുന്ന ബന്ധുക്കളെയും അഭയം നൽകിയ വീട്ടുകാരെയും വെള്ളം കൊണ്ടുപോയി. കഴുത്തറ്റം ചെളി നിറഞ്ഞപ്പോഴും ആത്മവിശ്വാസം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സൽന പറയുന്നു. സാരികൊണ്ട് വടം കെട്ടിയാണ് രക്ഷപ്പെട്ടത്.
അഞ്ചാം ദിനത്തിൽ മുണ്ടക്കൈയിൽ രക്ഷാദൗത്യം തുടരുകയാണ്. ഡൽഹിയിൽനിന്ന് എത്തുന്ന ഡ്രോൺ ബേസ്ഡ് റഡാർ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ആറ് സോണുകളായി തിരിച്ച് 40 ഇടത്താണ് ഇന്ന് തിരച്ചിൽ നടക്കുക.