പകർച്ചവ്യാധി പടരുമ്പോഴും ആവശ്യത്തിന് പനി വാർഡുകൾ പോലുമൊരുക്കാതെ ആരോഗ്യവകുപ്പ്
|ഈ മാസം 22 വരെ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത് 2,50,563 പേരാണ്. സ്വകാര്യ ആശുപത്രികളുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പനിക്കണക്കുകൾ വീണ്ടും ഉയരും.
സംസ്ഥാനത്ത് പകർച്ചവ്യാധി പടരുമ്പോഴും വേണ്ടത്ര പ്രതിരോധപ്രവർത്തനങ്ങൾ നടത്താതെ ആരോഗ്യവകുപ്പ്.ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം കൂടുമ്പോഴും ആവശ്യത്തിന് പനി വാർഡുകൾ ഇല്ലാത്തതാണ് വെല്ലുവിളി. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
കാലവർഷം എത്തിയതോടെ സാംക്രമിക രോഗങ്ങൾ കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. മാലിന്യ നിർമാർജനത്തിലെ വീഴ്ച ഡെങ്കിപ്പനി, എലിപ്പനി, ചെള്ള് പനി അടക്കമുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നിരിക്കെ ആരോഗ്യവകുപ്പിന് ഇപ്പോഴും മെല്ലെപ്പോക്കാണ്. ജലജന്യരോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യത്തിന് സൗകര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി സാധാരണക്കാർ ആദ്യം ചികിത്സ തേടിയെത്തുന്ന ആശുപത്രികളിൽ ഡെങ്കി പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകൾ പോലുമില്ലെന്നത് പ്രതിരോധത്തിന് തിരിച്ചടിയാണ്.
ഈ മാസം 22 വരെ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയത് 2,50,563 പേരാണ്. സ്വകാര്യ ആശുപത്രികളുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പനിക്കണക്കുകൾ വീണ്ടും ഉയരും.പനി ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്.ഇതിനിടെയാണ് ആശങ്ക കൂട്ടി കോവിഡ് കേസുകളും വർധിക്കുന്നത്.