Kerala
കെ.എൽ.എഫിൽ എല്ലാവർക്കും ഇടം നൽകണം- കവി എസ്. ജോസഫ്
Kerala

കെ.എൽ.എഫിൽ എല്ലാവർക്കും ഇടം നൽകണം- കവി എസ്. ജോസഫ്

Web Desk
|
15 Jan 2023 9:39 AM GMT

സാഹിത്യ അക്കാദമി പരിപാടികളിൽനിന്ന് തന്നെ നിരന്തരം ഒഴിവാക്കുകയാണെന്നും പ്രസിഡന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് രാജിവച്ചതെന്നും എസ്. ജോസഫ്

കോഴിക്കോട്: ഡി.സി ബുക്സിന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍( കെ.എൽ.എഫ്) എല്ലാ പ്രസാധകർക്കും ഇടം നൽകണമെന്ന് കവി എസ്. ജോസഫ്. കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച തീരുമാനം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയുടെ പരിപാടികളിൽ നിന്നും നിരന്തരം തന്നെ ഒഴിവാക്കുകയാണെന്നും പ്രസിഡന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് രാജിവെച്ചതെന്ന് ജോസഫ് മീഡിയവണിനോട് പറഞ്ഞു.

'ഡിസി ബുക്ക്സിലെ തന്നെ പ്രമുഖനായ ഒരു എഴുത്തുകാരനാണ് ഞാൻ, എന്‍റെ എട്ട് പുസ്തകങ്ങള്‍ ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആദ്യമൊക്കെ ഡി.സി എന്നെ പരിപാടിക്ക് ക്ഷണിക്കുകയും ഞാൻ പോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കൊറോണക്കാലത്തും, ഈ കൊല്ലവും എന്നെ പരിപാടിക്ക് ക്ഷണിച്ചിട്ടില്ല. പയ്യന്നൂർ ഫെസ്റ്റിവലിൽ എന്‍റെ പേര് വക്കുകയും എന്നെ ക്ഷണിക്കാതിരിക്കുകയും ചെയ്തു. ഇങ്ങനെ പല പരിപാടികള്‍ക്കും എന്നെ വിളിക്കാതിരിക്കുകയും എന്‍റെ സുഹ്യത്തുക്കളെ വിളിക്കുകയും ചെയ്യുന്നുണ്ട്.'-എസ് ജോസഫ് ആരോപിച്ചു.

എന്നെ ഒഴിവാക്കിയത് ഡി.സി ബുക്ക്സ് ആയിരിക്കും, പക്ഷേ സച്ചി സാർ എന്നെ ഒഴിവാക്കിയത് ശ്രദ്ധിക്കാതെ പോയതിൽ എനിക്ക് വിഷമമുണ്ട്. എന്നെ ഒഴിവാക്കിയത് ഡി.സി രവി ആണെന്ന് ഞാൻ വിശ്വസിക്കുന്നുില്ല, മറ്റ് പ്രവർത്തകരായിരിക്കാം. പുസ്തക പ്രസാധാനത്തിലൂടെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിക്കുന്നത്. സർക്കാർ സഹായം നൽകുന്ന സാഹിത്യ മേളയിൽ എല്ലാവരുടെയും പ്രാതിനിധ്യം ഉണ്ടാകണം. എല്ലാ പ്രസാധകർക്കും പ്രാതിനിധ്യം നൽകിയാലേ വൈവിധ്യമുണ്ടാകൂ. എല്ലാവരുടെയും പ്രാതിനിധ്യത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും എസ് ജോസഫ് ചോദിച്ചു.

ഫേസ്ബുക് കുറിപ്പിലൂടെയാണ് എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ച കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന് പങ്കെടുക്കാത്തതിനെകുറിച്ച് ജോസഫ് ഫേസ്ബുക്കില് എഴുതിയിരുന്നു.

പലരും ചോദിക്കുന്നു എന്താണ് KLF ന് പോകാത്തതെന്ന്. അടുത്തായിരുന്നെങ്കിൽ പോകാമായിരുന്നു. ആദ്യകാലത്തേ എന്നെ വിളിച്ചിട്ടുള്ളു. അപ്പോൾ ഞാൻ പൈസ ചോദിച്ചു. 1000 രൂപ രവി സാർ തന്നു. രണ്ടാമത് കിർത്താഡ്‌സ് വക. 3000 രൂപ തന്നു. മൂന്നാമത് 3000 രൂപയ്ക്ക് ഒപ്പിട്ടു കൊടുത്തു. കിട്ടിയതായട്ട് അറിവില്ല.

മൂന്നു തവണയായി വിളിക്കാതായിട്ട്. എല്ലാത്തവണയും വിളിക്കണമെന്നില്ല. പക്ഷേ ഇത്തവണ വിളിക്കുമെന്ന് പ്രതീക്ഷിച്ചു. വയനാടൻ ഫെസ്റ്റിവലിന് വിളിച്ചില്ല. പയ്യന്നൂർ ഫെസ്റ്റുവലിന് പേരുവച്ചതായി എവിടെയോ കണ്ടു. വിളിച്ചില്ല. നിയമസഭയിലെ പരിപാടിക്ക് ഒരാൾ എറണാകുളത്തുവന്ന് ബൈറ്റ് എടുക്കുമെന്ന് പറഞ്ഞു കണ്ടില്ല.

ഏതായാലും ഇനി KLF ന് ഇല്ല. അതുകൊണ്ടാണ് ഈ കുറിപ്പ്.എല്ലാറ്റിൽ നിന്നും പിൻവാങ്ങുകയാണ്. ഇത്രേയുള്ളു കവിതയും സാഹിത്യവും കേരളത്തിൽ. മണിപ്രവാളത്തിൽ സാഹിത്യം എഴുതുന്നവർക്കാണ് പ്രസക്തി. രാവിലെ പറഞ്ഞ പോലെ മേൽജാതി എഴുത്തുകാർക്ക് .

മലയാള ഭാഷയിൽ മാറ്റം വരുത്തിയ ഒരു കൊച്ചു കവിയാണ് ഞാൻ . ഞാൻ മാറ്റം വരുത്തിയ ഭാഷയിൽ കവിത എഴുതുന്നവർക്കൊക്കെ പ്രമോഷൻ ഉണ്ട്. വിത്തുപറിച്ചു മാറ്റിയ തള്ള വാഴ ഇല്ലാതാകുന്നതുപോലെ ഞാൻ ഇല്ലാതാകുന്നു. ഒരു അഭ്യൂദയകാംക്ഷി പറഞ്ഞു Ep പിൻവലിക്കുകയാണ് നല്ലതെന്ന്. Ep ഒരു രാഷ്ടിയ പ്രസ്ഥാനമല്ലെങ്കിലും K വേണു പാർട്ടി പിരിച്ചുവിട്ടതുപോലെ Ep പിരിച്ചു വിടില്ല. DC ബുക്സ് എന്റെ 7 കവിത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ നന്ദി എനിക്ക് എന്നുമുണ്ടാകും. സ്നേഹാദരങ്ങളോടെ










Similar Posts