Kerala
ArchbishopAndrewsThazhath
Kerala

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകാൻ എല്ലാവരും പ്രവർത്തിക്കണം തൃ​ശൂർ ആർച്ച് ബിഷപ്പ്

Web Desk
|
8 Feb 2024 7:17 AM GMT

സഭാപിതാക്കന്മാരോട് കൂടിയാലോചിച്ചാണ് ബി.ജെ.പിയിൽ ചേർന്നതെന്ന പി.സി ജോർജിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന് ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഭരണഘടന ഉറപ്പുവരുത്തുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് തൃ​ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെ ഗുഡ്നെസ് ടി.വിയോട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

‘നമ്മുക്ക് നല്ലനേതൃത്വം​ വേണം. ന്യൂനപക്ഷങ്ങൾക്കും മതങ്ങൾക്കും ഭരണഘടന നൽകുന്ന സുരക്ഷിതത്തം ഉറപ്പാക്കാനും രാഷ്ട്രത്തിന്റെ നന്മക്ക് വേണ്ടിയും എല്ലാവരും വോട്ട് ചെയ്യണം. രാഷ്ട്രത്തിന്റെ നന്മയാണ് ക്രൈസ്‍തവരുടെ നന്മ. ന്യൂനപക്ഷങ്ങൾക്കും എസ്.സി- എസ്.ടി വിഭാഗത്തിനും ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ രാഷ്ട്രത്തെ വികസനത്തി​ലേക്ക് മുന്നോട്ട് നയിക്കുന്ന ഒരു സർക്കാർ ഉണ്ടാകാൻ വേണ്ടി എല്ലാവരും പ്രവർത്തിക്കണം. എല്ലാവരും വോട്ട് ചെയ്യണം. പ്രത്യേകിച്ച് ഒരു പാർട്ടിയെ കുറിച്ചും പറയുന്നില്ലെന്നും അദ്ദേഹം ഗുഡ്നസ് ടിവിയോട് പറഞ്ഞു.’

ഗുരുവായൂ​രിനടുത്ത പാലയൂർ പള്ളിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂർ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആർ.വി ബാബു ചാനൽ ചർച്ചയിൽ പറഞ്ഞത്.ചരിത്രം പഠിച്ചാൽ ഇതിന്റെയൊക്കെ സത്യം മനസിലാകും. 2000 വർഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരിൽ അന്ന് മുതൽ ക്രിസ്ത്യൻ മതം ഉണ്ട്.പാലയൂർ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

അതെ സമയം സഭാപിതാക്കന്മാ​രോട് കൂടിയാലോചിച്ചാണ് ബി.ജെ.പിയിൽ ചേർന്നതെന്ന പി.സി ജോർജ്ജിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് ബംഗളുരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടിയാലാ​ചനയെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. എന്നോട് ഒന്നും ചോദിച്ചിട്ടില്ല. ചോദിച്ചിരുന്നെങ്കിൽ തന്നെ മറുപടി പറയില്ലായിരുന്നുവെന്നും അദ്ദേഹം ബംഗളുരുവിൽ പറഞ്ഞു.

താൻ ബി.ജെ.പിയിൽ ചേർന്നത് മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചോദിക്കേണ്ടവരോടൊക്കെ ചോദിച്ചിട്ടും ക്രൈസ്തവ സഭാ പിതാക്കൻമാരോടും മറ്റു സമുദായ നേതാക്കളോടും അനുഗ്രഹം വാങ്ങിയ ശേഷവുമാണ് ബി.ജെ.പിയിൽ ചേർന്നത്. അഞ്ചുകൊല്ലം മുമ്പെങ്കിലും ബി.ജെ.പിയിൽ ചേരാൻ തീരുമാനിക്കാതിരുന്നത് കേരളത്തിന് വലിയ നഷ്ടമായിപ്പോയെന്നും ജോർജ് പറഞ്ഞു.

മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപമാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ മണിപ്പൂരിൽ വംശീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷൻമാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പി.സി ​ജോർജ് പറഞ്ഞിരുന്നു.

Similar Posts