Kerala
Evidence Collecting begins with the accused in Oyoor Kidnapping Case
Kerala

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു

Web Desk
|
9 Dec 2023 5:39 AM GMT

പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പിന് എത്തിച്ചത്.

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പിന് എത്തിച്ചത്. ഫോറൻസിക് സംഘവും ഇവിടെയെത്തിയി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറുൾപ്പെടെ ഈ വീട്ടിലാണ്.

അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള 13 സംഘമാണ് പ്രതികളെ തെളിവെടുപ്പ് എത്തിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. ആദ്യം പത്മകുമാറിനെയാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നാലെ രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കേന്ദ്രീകരിച്ചുള്ള വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഗേറ്റടക്കം പൂട്ടിയാണ് വിശദമായ പരിശോധന. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.

ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്.

ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കുട്ടിയുമായി പോയ മറ്റിടങ്ങളിലേക്കും കൊണ്ടുപോവുമെന്നാണ് വിവരം. തുടർന്ന് പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തുമുൾപ്പെടെ ഇതിനു ശേഷം തെളിവെടുപ്പ്‌ നടത്തും.

Similar Posts