പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: തെളിവെടുപ്പ് ഇന്നും തുടരും
|പ്രതി ഹസ്സന്‍കുട്ടിയെ കഴിഞ്ഞ ദിവസം ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ചതോടെയാണ് പൊലീസ് ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. കുട്ടിയെ കൊണ്ടുപോയ വഴികളില്‍ക്കൂടിയാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. പ്രതി ഹസ്സന്‍കുട്ടിയെ കഴിഞ്ഞ ദിവസം ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ചതോടെയാണ് പൊലീസ് ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓള്‍ സെയ്ന്റ്‌സ് കോളേജിന്റെ പിറകുവശം, പ്രതി കുട്ടിയുമായി നടന്നുപോയെന്ന് കണ്ടെത്തിയ റെയില്‍വേപ്പാളം, സമീപ പ്രദേശങ്ങള്‍, കുട്ടിയെ കണ്ടെത്തിയ ബ്രഹ്‌മോസിന് പുറകിലുള്ള ഓട എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കണ്ടെത്തിയതിനും ഇടയില്‍ പ്രതി കുട്ടിയുമായി ഒളിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും പരിശോധിക്കുന്നതിനായി പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.
ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് നാടോടി ദമ്പതികളായ ബീഹര്‍ സ്വദേശികളുടെ ഉറങ്ങിക്കിടക്കുന്ന രണ്ട് വയസുകാരിയെ കാണാതായത്. നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ തിരുവനന്തപുരം ബ്രഹ്‌മോസിന് സമീപമുള്ള പൊന്തക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. ഇയാള്‍ നേരത്തെ പത്തിലധികം കേസുകളിൽ പ്രതിയാണ്.