Kerala
സോണ്ടാ ഇൻഫ്രാടെക്കുമായി കണ്ണൂർ കോർപ്പറേഷനിലെ കരാർ തുടരാൻ സർക്കാർ ശ്രമിച്ചു; രേഖകൾ പുറത്ത്
Kerala

സോണ്ടാ ഇൻഫ്രാടെക്കുമായി കണ്ണൂർ കോർപ്പറേഷനിലെ കരാർ തുടരാൻ സർക്കാർ ശ്രമിച്ചു; രേഖകൾ പുറത്ത്

Web Desk
|
14 March 2023 6:13 AM GMT

സോണ്ടയെ കരാറിൽ നിന്നും ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്

കണ്ണൂർ: ബ്രഹ്മപുരം പ്ലാന്റിന്റെ കരാർ സംബന്ധിച്ച വിവാദങ്ങൾ പുകയുന്നതിനിടെ സോണ്ടാ ഇൻഫ്രാടെക്കുമായി കണ്ണൂർ കോർപ്പറേഷനിലെ കരാർ തുടരാൻ സർക്കാർ ശ്രമിച്ചതിൻറെ രേഖകൾ പുറത്ത്. കരാർ തുടരണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്തയച്ചത് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി. സോണ്ടയെ കരാറിൽ നിന്നും ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാർ നഷ്ടമാണെന്ന് കാട്ടിയായിരുന്നു കോർപ്പറേഷൻറെ എതിർപ്പ്.

കരാർ നടപ്പാക്കാൻ സർക്കാർ നിരന്തരം സമ്മദർദ്ദം ചെലുത്തിയതായി കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ ആരോപിച്ചിരുന്നു.

അതേസമയം, സോണ്ട ഇൻഫ്രാടെക് എം.ഡി രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ വാദം തള്ളി കൊല്ലം മേയർ രംഗത്തെത്തി. കൊല്ലം കോർപ്പറേഷനുമായിട്ടുള്ള കരാറിൽ നിന്നും പിന്മാറിയത് തങ്ങളാണെന്ന സോണ്ട കമ്പനിയുടെ വാദം തെറ്റെന്ന് കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. പലവിധ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെതുടർന്നാണ് സോണ്ടാ ഇൻഫ്രാടെക് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്.മുൻ കൗൺസിലിന്റെ കാലത്താണ് കമ്പനി കോർപ്പറേഷനെ സമീപിച്ചതെന്നും പുതിയ കൗൺസിൽ അധികാരത്തിൽ വന്നപ്പോൾ സോണ്ടയുമായുള്ള കരാറിൽ നിന്നും പിന്മാറുകയായിരുന്നെന്നും മേയർ പറഞ്ഞു.

11 കോടി രൂപയുടെ കരാറായിരുന്നു. അതിൻറെ 25 ശതമാനം തുക ആദ്യം നൽകണമെന്ന് സോണ്ട ഇൻഫ്രാടെക് ആവശ്യപ്പെട്ടിരുന്നു, സെക്യൂരിറ്റി തുക തരാനും കമ്പനി തയാറാല്ലായിരുന്നില്ല. ഈക്കാര്യത്തിൽ കമ്പനിയും കോർപ്പറേഷനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ സമയത്ത് കരാർ കാലാവധി അവസാനിച്ചു. പുതിയ കൗൺസിൽ അധികാരത്തിൽ വന്നപ്പോൾ 2021 ജനുവരിയിൽ പുതിയ ടെന്റർ ക്ഷണിക്കുകയും സിഗ്മ കമ്പനിക്ക് കരാർ നൽകുകയുമായിരുന്നു.

അഷ്ടമുടിക്കായലിന്റെ തീരത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാനാണ് സോണ്ട കരാറെടുത്തത്. 1940 മുതൽ കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാൻ ഇവിടെ 6.8 കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം പ്രവർത്തിപ്പിക്കാനായില്ല. മാലിന്യമല നീക്കാൻ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു കോർപ്പറേഷൻ ടെൻഡർ വിളിച്ചത്.



Similar Posts