'വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ.എസ്.ഇ.ബി കട്ടോണ്ട് പോകും'; കെഎസ്ഇബിക്കെതിരെ മുന്‍ ഡിജിപി ശ്രീലേഖ
|പരാതി നൽകിയപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും ശ്രീലേഖയുടെ പോസ്റ്റ്
കെഎസ്ഇബിയുടെ കറന്റ് ബില്ലിന്റെ പേരിൽ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോൾ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് ശ്രീലേഖ. കറന്റ് ബില്ല് ഉൾപ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വീട്ടിൽ സോളാർ ഓൺ ഗ്രിഡാക്കി ഉപയോഗിക്കുകയാണെന്നും എന്നാൽ ബില്ല് വന്നപ്പോൾ സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതലാണെന്ന് ശ്രീലേഖ പറയുന്നു.
ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ് ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓൺ ഗ്രിഡായി
ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030. അതായത് സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ.
വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.
പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി .മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ.
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവർ കട്ട് സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ് ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ് ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ ബില്ല് താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?' എന്നാണ് മുന്‍ ഡിജിപി ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്.