Kerala
Film Academy Kerala
Kerala

'അതിജീവിതകളുടെ മൊഴികൾ ചോർത്തുന്നു': ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി

Web Desk
|
27 Aug 2024 2:54 AM GMT

അതിജീവിതകൾ നൽകുന്ന മൊഴികൾ ആരോപണ വിധേയർക്ക് നൽകുന്നതായി മുൻ ജീവനക്കാരി ശ്രീവിദ്യ മീഡിയവണിനോട്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം. അതിജീവിതകൾ നൽകുന്ന മൊഴികൾ ആരോപണ വിധേയർക്ക് നൽകുന്നതായി മുൻ ജീവനക്കാരി മീഡിയവണിനോട് പറഞ്ഞു. അക്കാദമിയിൽ നടക്കുന്നത് വഴിവിട്ട നീക്കങ്ങളാണെന്നും മുൻ ജീവനക്കാരി ആരോപിച്ചു.

ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ, സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.

വർഷങ്ങളായി കുത്തഴിഞ്ഞ പ്രവർത്തനമാണ് ചലച്ചിത്ര അക്കാദമിയിൽ നടക്കുന്നതെന്ന് മുൻ ജീവനക്കാരി ആരോപിച്ചു. അക്കാദമിയിൽ എട്ട് വർഷത്തോളം ഫെസ്റ്റിവൽ സെക്ഷനിലെ പ്രോഗ്രാം അസിസ്റ്റന്റായി ജോലി ചെയ്യുകയും ഒരു മാസം മുൻപ് രാജിവെയ്ക്കുകയും ചെയ്ത ശ്രീവിദ്യ ജെ യാണ് അക്കാദമിയുടെ ഭരണസമിതിക്കെതിരെ രംഗത്തെത്തിയത്.

അക്കാദമി ട്രഷറർ ശ്രീലാൽ, തെരുവുനായ്ക്കളെപ്പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമാണ് അക്കാദമിയിൽ നടക്കുന്നതെന്നുമാണ് ആരോപണം.

അക്കാദമിയിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി എന്ന ഐ.സി.സി സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകൾ നൽകുന്ന പരാതികളും അവർ നൽകുന്ന മൊഴികളും ആരോപണ വിധേയർക്ക് ലഭിക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.

തെറ്റായ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ, തന്നെ അക്കാദമിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചത് അക്കാദമി അംഗം കുക്കു പരമേശ്വരനാണ്. തുടർന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുൻപ് രാജിവെച്ചത്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ശ്രീവിദ്യ മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

Watch Video Report


Similar Posts