എക്‌സാലോജിക് കൺസൾട്ടിങ് കമ്പനിക്ക് ആരോപണങ്ങളുമായി ബന്ധമില്ല: വിശദീകരണവുമായി സ്ഥാപന മേധാവികൾ
|ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിൽ ആരുമില്ലെന്നും വിശദീകരണം
തിരുവനന്തപുരം: ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ ബന്ധമില്ലെന്ന് ദുബായിലെ എക്‌സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്‌സാലോജിക് കൺസൾട്ടിങല്ല.
2013 ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണ് ഇത്. പ്രൈസ് വാട്ടർ കൂപ്പേഴ്‌സ്, എസ്എൻസി ലാവ്‌ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ല. ഡയറക്ടർ ബോർഡിലും പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിൽ ഉള്ള ആരുമില്ല. എക്‌സാലോജിക് സൊല്യൂഷൻ എന്ന പേരിലൊരു സ്ഥാപനം യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവർ ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷോൺ ജോർജ് പറയുന്ന എക്‌സാലോജിക് കമ്പനി വീണയുടെ പേരിലുള്ളതല്ല. വീണയുടെ കമ്പനിയുടെ പേര് എക്‌സാ ലോജിക് സൊല്യൂഷൻസ് എന്നാണ്. ഷോൺ പറയുന്ന കമ്പനിയുടെ പേര് എക്‌സാലോജിക് കൺസൾട്ടിങ് എന്നാണെന്ന വിശദീകരണവുമായി തോമസ് ഐസക്ക് രംഗത്തു വന്നിരുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ആ കമ്പനിക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും മസാല ബോണ്ടുമായി ബന്ധപ്പെടുത്തിയ ആരോപണവും വസ്തുതാ വിരുദ്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ദുബായിലെ എക്‌സാലോജിക് കൺസൾട്ടിങ് കമ്പനി വിശദീകരണവുമായെത്തിയത്.
സിഎംആർഎല്ലും എക്സാലോജിക്കുമായി അനധികൃത സാമ്പത്തിക ബന്ധം പുറത്തു വന്നതിന് പിന്നാലെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൊട്ടുപിന്നാലെ തന്നെ, എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചുവെന്നും പ്രാഥമിക പരിശോധന നടന്നുവെന്നും ഇനി ഹരജിയിൽ ഇനി പ്രസക്തിയില്ലെന്നാണ് കോടതി വ്യക്തമാക്കി.