Kerala
വീണാ വിജയന് താൽക്കാലിക ആശ്വാസം; എക്സാലോജിക് ഹരജിയിൽ വിധി പിന്നീടെന്ന് കർണാടക ഹൈക്കോടതി
Kerala

വീണാ വിജയന് താൽക്കാലിക ആശ്വാസം; എക്സാലോജിക് ഹരജിയിൽ വിധി പിന്നീടെന്ന് കർണാടക ഹൈക്കോടതി

Web Desk
|
12 Feb 2024 11:00 AM GMT

ഹരജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്നും കർണാടക ഹൈക്കോടതി

ബംഗളൂരു: എക്സാലോജികിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് താല്‍ക്കാലിക ആശ്വാസം. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ ഹരജിയില്‍ വിധി പറയുന്നതുവരെ പാടില്ലെന്ന് എസ്.എഫ്.ഐ.ഒക്ക് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കി. അന്വേഷണസംഘം ആവശ്യപ്പെടുന്ന രേഖകള്‍ പൂര്‍ണമായും നല്‍കണമെന്ന് എക്സാലോജിക്കിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ കെ.എസ്.ഐ.ഡി.സി നല്‍കിയ ഹരജി ഈ മാസം 26 ലേക്ക് കേരള ഹൈക്കോടതി മാറ്റി.

എസ്.എഫ്.ഐ.ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്സാലോജികിന്‍റെ കര്‍ണാടക ഹൈക്കോടതിയിലെ വാദം. കമ്പനി കാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതിനിടെ എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്നതിനെയും എക്സാലോജിക്കിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചോദ്യം ചെയ്തു. എസ്.എഫ്.ഐ.ഒ നടപടികള്‍ യു.എ.പി.എ നിയമത്തിന് തുല്യമാണ്. ഇത്തരം അസാധാരണമായ സാഹചര്യം ഈ കേസിലില്ല. സഹാറ കേസ് പോലെ എക്സാലോജിക്കില്‍ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല. സോഫ്റ്റ്‍വെയർ കമ്പനി മറ്റൊരു സ്വകാര്യകമ്പനിക്ക് നല്‍കുന്ന സേവനം പൊതുജനതാല്‍പര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്നും എക്സാലോജിക് വാദിച്ചു.

എന്നാല്‍ 1.72 കോടി രൂപ ഒരു സേവനവും നല്‍കാതെയാണ് എക്സാലോജിക്കിന് നല്‍കിയതെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അരവിന്ദ് കമ്മത്ത് കോടതിയെ അറിയിച്ചു. സി.എം.ആർ.എല്ലിന്റെ പല ഇടപാടുകളും ദുരൂഹമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി 135 കോടി നല്‍കിയിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് അന്വേഷണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇതോടെ ജസ്റ്റീസ് നാഗപ്രസന്ന അറസ്റ്റിലേക്ക് കടക്കാന്‍ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ത്തി. തല്‍ക്കാലം നോട്ടീസ് മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് എസ്.എഫ്.ഐ.ഒ നിലപാട് അറിയിച്ചു. ഇതോടെ ഹരജിയില്‍ വിധി പറയുന്നത് വരെ അറസ്റ്റടക്കമുള്ള കടുത്ത നടപടി പാടില്ലെന്ന് കോടതി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി.

ഹരജിയില്‍ പിന്നീട് വിധി പറയും. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ കെ.എസ്.ഐ.ഡി.സി നല്‍കിയ ഹരജിയില്‍ അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്ന് ഇന്നും കോടതി ചോദ്യം ഉയര്‍ത്തി. എന്നാല്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നായിരുന്നു കെ.എസ്.ഐ.ഡി.സിയുടെ മറുപടി. കെ.എസ്.ഐ.ഡി.സി കൂടുതല്‍ വിശദീകരണത്തിനായി സമയം ചോദിച്ചതോടെ കേസ് ഈ മാസം 26 ലേക്ക് മാറ്റുകയായിരുന്നു.

Similar Posts