'പരീക്ഷ എഴുതിയിട്ടില്ല, ഫലം കണ്ടിട്ടില്ല; പിഴവ് അന്വേഷിക്കണം'; മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി.എം ആർഷോ
|പൂർവ വിദ്യാർഥിനി വ്യാജരേഖ ചമച്ച് ലക്ചറർ നിയമനം നേടിയ സംഭവവും അറിഞ്ഞിട്ടില്ലെന്ന് ആർഷോ പറയുന്നു.
ഇടുക്കി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മൂന്നാം സെമസ്റ്റർ പരീക്ഷ താൻ എഴുതിയിട്ടില്ലെന്നും മാർക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആർഷോ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിൽ കോളജിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ആർഷോയുടെ പ്രതികരണം.
പരീക്ഷ നടന്നത് ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ പ്രവേശിക്കാനാവാത്ത സമയത്തായിരുന്നു. മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷയും എഴുതിയില്ല. എഴുതാത്ത പരീക്ഷയായതു കൊണ്ടുതന്നെ അതിന്റെ ഫലം വന്നതും തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഫലം പരിശോധിച്ചിട്ടുമില്ല. മാർക്ക് ലിസ്റ്റ് കണ്ടിട്ടുമില്ല.
എന്നാൽ ഈ നിലയിലൊക്കെ വന്നുവെന്ന് പറയുന്നു. അതുമായി ബന്ധപ്പെട്ട് തനിക്കൊരു ബന്ധവുമില്ല. എഴുതാത്ത പരീക്ഷ ജയിക്കാൻ സാധ്യതയില്ലല്ലോ. പരീക്ഷ വിജയിച്ചെന്ന് മാർക്ക് ലിസ്റ്റിൽ വന്നത് അവരുടെ ഭാഗത്തുനിന്നുണ്ടായ എന്തെങ്കിലും പിഴവായിരിക്കും.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയില്ല. എഴുതാത്ത പരീക്ഷ വിജയിപ്പിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതിൽ അന്വേഷണം ഉണ്ടാവണം. ആരുടെ ഭാഗത്താണ് ആ പോരായ്മ ഉണ്ടായതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.
താനൊരു ഇടപെടലും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം എക്‌സാം കൺട്രോളർ ഉൾപ്പെടെയുള്ളവർക്കായിരിക്കും. അതിൽ അന്വേഷണം വേണം. പരിശോധിക്കണം. ഗുരുതരമായ പിഴവാണതെന്നും ആർഷോ പറഞ്ഞു.
പൂർവ വിദ്യാർഥിനി വ്യാജരേഖ ചമച്ച് ലക്ചറർ നിയമനം നേടിയ സംഭവവും അറിഞ്ഞിട്ടില്ലെന്ന് ആർഷോ പറയുന്നു. രാവിലെ മുതൽ ഇടുക്കി ഇടമലക്കുടിയിലാണ് ഉള്ളതെന്നും വാർത്തകളൊന്നും കണ്ടിട്ടില്ലെന്നും റേഞ്ചുള്ള സ്ഥലത്തെത്തിയാൽ വാർത്ത പരിശോധിക്കുമെന്നും ആർഷോ പറഞ്ഞു. വിദ്യാ വിജയനുമായി പരിജയമുണ്ട്. എന്നാൽ വ്യാജരേഖ വിഷയം അറിയില്ല. തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നും ആർഷോ വ്യക്തമാക്കി.
പി.എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് വിവാദമായത്. പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ, പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസിറ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നാണ് എഴുതിയത്.
എന്നാൽ, മാർക്ക് ലിസ്റ്റ് വിവാദമായതോടെ ഇത് തിരുത്തി കോളജ് രംഗത്തെത്തി. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.