കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ അപവാദ പ്രചരണം; യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ കേസ്
|യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യുവിനെതിരെ പോലീസ് കേസ് എടുത്തത്
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യുവിനെതിരെ പൊലീസ് കേസ് എടുത്തു. സോണിയുടെ പരാതിയില്‍ ആലക്കോട് പൊലീസ് ആണ് കേസ് എടുത്തത്.
കെ.സി ജോസഫ് മത്സര രംഗത്ത് നിന്ന് ഒഴിവായതോടെ ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പേരാണ് ഉയർന്നത്. സോണിയുടെ പേര് പരിഗണനാ പട്ടികയിലിടംപിടിച്ചതിനൊപ്പം സോണിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അഴിമതി ആരോപണങ്ങളും പ്രത്യക്ഷപ്പെട്ടു. സോണി പ്രസിഡണ്ടായ ആലക്കോട് റബ്ബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റുകൾ.ഫെയ്സ് ബുക്കില്‍ ജോണ്‍ ജോസഫ് എന്നയാളുടെ പ്രൊഫൈല്‍ ഐ.ഡിയില്‍ നിന്നായിരുന്നു ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ തുടര്ന്ന് സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി.
സോണി സെബാസ്റ്റ്യന്റെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ജോണ്‍ ജോസഫ് എന്നത് വ്യാജ ഫേസ്ബുക്ക് അക്കൌണ്ടാണന്ന് കണ്ടെത്തി. പിന്നീട് ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യുവിനെതിരെ പൊലീസ് കേസ് എടുത്തത്.