Kerala
സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്
Kerala

സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്

Web Desk
|
18 Sep 2022 1:27 AM GMT

ഒന്നിൽ കൂടുതൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ കണ്ടെത്തി കരുതൽ തടങ്കിലാക്കും

ഇടുക്കി: വിദ്യാർഥികളിലടക്കം ലഹരി ഉപയോഗം വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. ഒന്നിൽ കൂടുതൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ കണ്ടെത്തി കരുതൽ തടങ്കിലാക്കും. സർക്കാർ നിർദേശപ്രകാരം നടപടികൾ കടുപ്പിക്കാനാണ് നീക്കം.

ഇടുക്കിയിൽ ഒരുമാസത്തിനിടെ എക്‌സൈസ് നടത്തിയ പരിശോധനയിൽ 110 അബ്കാരി കേസുകളും 62 എൻ.ഡി.പി.എസ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഒന്നേകാൽ കിലോ കഞ്ചാവും 4637 ഗ്രാം എം.ഡി.എം.എയും 21.7 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

കേരളാ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എക്‌സൈസ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെയും സഹകരണത്തോടെ ജാഗ്രതാ സമിതികളും രൂപീകരിക്കും.

പ്രത്യേക പരിശീലനം നൽകി ജാഗ്രതാ സമിതിയംഗങ്ങളുടെ സഹായത്തോടെ ഒക്ടോബർ 5 വരെ എക്‌സൈസ് പൊലീസ് വകുപ്പുകൾ സംയുക്തമായി സ്‌പെഷ്യൽ ഡ്രൈവ് നടത്താനും പദ്ധതിയുണ്ട്. ഘട്ടം ഘട്ടമായി ലഹരി ഉപയോഗത്തിനും വിപണനത്തിനും തടയിടാനാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.

Similar Posts